മുൻ പ്രതിരോധ മന്ത്രി ഗോടബായ രജപക്സെ ഇനി ശ്രീലങ്കയുടെ പ്രസിഡന്റ്

50.7ശതമാനം വോട്ടുകൾ രജപക്സെ സ്വന്തമാക്കി. സിംഹള, ബുദ്ധപാർട്ടിയായ എൽപിപിയുടെ സ്ഥാനാർഥിയായിരുന്നു അദ്ദേഹം. പ്രേമദാസയ്ക്ക് 43.8 ശതമാനം വോട്ടേ നേടാനായുള്ളൂ

0

കൊളംബോ: യുദ്ധകാലത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഗോടബായ രജപക്സെ ഇനി ശ്രീലങ്കയുടെ പ്രസിഡന്റ്. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിരാളി പരാജയം സമ്മതിച്ചു.ശ്രീലങ്കയുടെ ഭരണകകക്ഷിയായ യുഎൻപിയുടെ സജിത് പ്രേമദാസ തന്റെ പരാജയം സമ്മതിച്ചു. എതിരാളിയുടെ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ തീരുമാനം താൻ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏഴാമത്തെ പ്രസിഡന്റാണ് ഗോടബായ രജപക്സെ.
പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോൾ 50.7ശതമാനം വോട്ടുകൾ രജപക്സെ സ്വന്തമാക്കി. സിംഹള, ബുദ്ധപാർട്ടിയായ എൽപിപിയുടെ സ്ഥാനാർഥിയായിരുന്നു അദ്ദേഹം. പ്രേമദാസയ്ക്ക് 43.8 ശതമാനം വോട്ടേ നേടാനായുള്ളൂ. സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്താൻ സഹായിച്ച ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നന്ദി പറഞ്ഞു. പൂർണമായും വോട്ടുകൾ എണ്ണിത്തീർന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് രജപക്സെ. അദ്ദേഹത്തിന്റെ സഹോദരനാണ് ഒരു ദശകത്തോളം നാടിനെ നയിച്ച മഹീന്ദ രജപക്സെ. ഈ ഘട്ടത്തിലാണ് ഗോടബായ രജപക്സെ പ്രതിരോധമന്ത്രി ആയിരുന്നത്. 26 കൊല്ലം നീണ്ട ആഭ്യന്തര യുദ്ധത്തിന് അറുതി ആകുന്നതും ഈ ഘട്ടത്തിലാണ്.
അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ വക്താവ് കെഹെലിയ രാംബുക് വെല്ല അറിയിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
പരാജയപ്പെട്ട പ്രേമദാസ മുൻ പ്രസിഡന്റ് രണസിൻഹ പ്രേമദാസയുടെ മകനാണ്. 1993ൽ തമിഴ് വിഘടന വാദികൾ അദ്ദേഹത്തെ വധിക്കുകയായിരുന്നു.ഈസ്റ്റർ ആക്രമണത്തിന് ശേഷം ഏഴ് മാസം പിന്നിടുമ്പോഴാണ് രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 250 പേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

You might also like

-