മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം കടുപ്പിച്ച് നാട്ടുകാർ ,ജീവനക്കാർക്ക് വീഴ്ചപറ്റിയത് പരിശോധിക്കുമെന്ന് വനം മന്ത്രി

മോർച്ചറിക്കു മുന്നിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവർ ഉയർത്തുന്നത്. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, അമ്മ വിജിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം, കാട്ടാനകൾ സ്ഥിരമായി വരുന്നത് തടയാൻ ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്

പാലക്കാട്| മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും. അലന്‍റെ മരണത്തിൽ നടപടിയെടുക്കാതെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. മുന്നോട്ടു വെച്ച ആവശ്യങ്ങൾ അംഗീകരിക്കുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. മോർച്ചറിക്കു മുന്നിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവർ ഉയർത്തുന്നത്.
കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, അമ്മ വിജിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം, കാട്ടാനകൾ സ്ഥിരമായി വരുന്നത് തടയാൻ ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. അതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് ഡി എഫ് ഒ ഓഫീസ് മാർച്ച് നടത്തും. വനം വകുപ്പിന്‍റെ അനാസ്ഥയിൽ പ്രതിഷേധിച്ച് രാവിലെ 11 നാണ് മാർച്ച് നടത്തുക.

ഇന്നലെ രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ അലന് ജീവൻ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഡി എഫ് ഒ ഓഫീസ് മാർച്ചും നടത്തുന്നുണ്ട്.

മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്‍റെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത്.
അതേസമയം പാലക്കാട്ടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ചർച്ച നടത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. കളക്ടറുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും നിലവിൽ ആനകൾ എവിടെയാണ് തമ്പടിച്ചിരിക്കുന്നത് എന്ന് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കാട്ടാന ആക്രമണം നടന്ന സ്ഥലം പ്രശ്ന ബാധിതമായ പ്രദേശം ആയത് കൊണ്ട് തന്നെ നേരത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതാണ്. എന്നാൽ ഏർപ്പെടുത്തിയിരുന്ന എല്ലാ പ്രതിരോധ ക്രമീകരണങ്ങളും തകർത്ത് കൊണ്ടാണ് കാട്ടന ആക്രമണം നടത്തിയിരിക്കുന്നത്.

വന്യമൃ​ഗങ്ങളെ പ്രതിരോധിക്കാൻ നിരവധി മാർ​ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വന്യമൃ​ഗങ്ങളെ പ്രതിരോധിക്കുന്നതിനായി മറ്റൊരു സംവിധാനം കണ്ടെത്തിയിട്ടുണ്ട്. അത് പരീക്ഷണാർത്ഥം വയനാട്ടിലെ രണ്ടിടങ്ങളിൽ നടത്തുന്നുണ്ട് എന്നും അത് വിജയം കാണുകയാണെങ്കിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

You might also like

-