റാപ്പർ വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടൻ്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
കൊച്ചി| റാപ്പർ വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനം. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. അതേസമയം, വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനവകുപ്പിന് കഴിഞ്ഞിട്ടില്ല. യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടൻ്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
പുലിപ്പല്ല് സ്വർണ്ണം കെട്ടിച്ച ജ്വല്ലറിയിലാണ് തെളിവെടുപ്പ് നടന്നത്. ലോക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ജ്വല്ലറി ഉടമയോട് ചോദിച്ചറിഞ്ഞു. യഥാർഥ പുലിപ്പല്ലാണെന്ന് അറിയാതെയാണ് ലോക്കറ്റ് കെട്ടി നൽകിയതെന്ന് ഉടമ പറയുന്നു.തൃശൂർ പൂമലയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടന്നു. പാവങ്ങളാണ്, വീട്ടുകാരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്നാണ് വീട്ടിലെത്തിയ മാധ്യമങ്ങളോട് വേടൻ പറഞ്ഞത്. വേടനെ അറിയാമോയെ, ലോക്കറ്റ് ഇവിടെ ചെയ്യിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് വനംവകുപ്പ് ജ്വല്ലറി ഉടമ സന്തോഷ് കുമാറിനോട് ചോദിച്ചത്. യഥാർഥ പുലിപ്പല്ലാണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നൽകിയതെന്നാണ് ഉടമ വനംവകുപ്പിന് നൽകിയ മൊഴി.