ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി; ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി

കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാ‍ർ വനംവകുപ്പ് ഓഫീസിൽ എത്തി മോചിപ്പിച്ചിരുന്നു

പത്തനംതിട്ട| കോന്നി എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ പരാതി നൽകി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ. വനംവകുപ്പ് ഓഫീസിൽ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനിൽ ആണ് വനം വകുപ്പിലെ മൂന്ന് ഉദ്യോ​ഗസ്ഥ‍‍ർ പരാതി നൽകിയത്. പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാ‍ർ വനംവകുപ്പ് ഓഫീസിൽ എത്തി മോചിപ്പിച്ചിരുന്നു.വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരോട് എംഎല്‍എ കയർത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം.
കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ എത്തിയപ്പോഴാണ് എംഎല്‍എ രോഷത്തോടെ സംസാരിച്ചത്. സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി. കര്‍ഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്നും അറസ്റ്റിനുള്ള രേഖകള്‍ നല്‍കണമെന്നും ജനീഷ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ ഫോറസ്റ്റ് സ്‌റ്റേഷനിലെ രോഷ പ്രകടനത്തില്‍ ജനീഷ് കുമാര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയില്‍ ആണെന്നുമാണ് കെയു ജനീഷ് കുമാര്‍ പറഞ്ഞത്. ഒരു നോട്ടീസ് കൊടുത്ത് വിളിക്കാവുന്ന സംഭവത്തില്‍ നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലാണ് ചില ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. തുടർന്നാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഫോറസ്റ്റ് ഓഫീസിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.അതേസമയം ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താൻ ഈ കേസിൽ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെയു ജനീഷ് കുമാ‍ർ എംഎൽഎയുടെ വാദം. എന്നാൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

You might also like

-