കനത്തമഴ ,മുന്നാറിലേക്കുള്ള വിനോദ സഞ്ചാരത്തിന് നിയത്രണം

ഒക്ടോബര്‍ അഞ്ച് മുതല്‍ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയുണ്ടാവും.ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ അതിതീവ്ര മഴയായിരിക്കും. മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.മലയോര മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍മാർക്ക് നിർദേശം.ഒക്ടോബര്‍ അഞ്ചു മുതല്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കിയില്‍ നീലക്കുറിഞ്ഞി കാണുന്നതിന് ജനങ്ങളെത്തുന്നത് ഒഴിവാക്കണം.

0

തിരുവനതപുരം :സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയ്ക്ക് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുമ്പോള്‍ മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിന് ശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.

ഞായറാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേയ്ക്ക് പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

പ്രളയം നൽകിയ ദുരന്തത്തിന്‍റെ ആഘാതം മാറും മുമ്പേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. ദീര്‍ഘനാളത്തേക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കും. ദീര്‍ഘനാളത്തേക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബർ 5ന് മുമ്പ് സുരക്ഷിതമായി തീരം അണയണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുകള്‍:

ന്യൂനമർദ്ദം രൂപപ്പെട്ട് ചുഴലിക്കാറ്റാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്: മുഖ്യമന്ത്രി
ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര ജാഗ്രതാ നിർദേശം നൽകിയത്
ന്യൂനമർദം രൂപം കൊള്ളുന്നതോടെ അതിശക്തമായ കാറ്റുണ്ടാകും; ശക്തമായ മഴയുമുണ്ടാകും
ജനങ്ങൾക്ക് അതീവജാഗ്രതാ നിർദേശം നൽകി
തീരദേശമേഖലയിലുള്ളവർക്ക് അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
ഒക്ടോബർ നാലിനുള്ളിൽ കടലിൽ പോയവർ തിരികെ വരണം
ഒക്ടോബർ നാലിന് ശേഷം ആരും കടലിൽ പോകരുത്
ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിയ്ക്കുന്നു
ന്യൂനമർദ്ദം ശക്തമായാൽ കനത്ത മഴ പെയ്യാൻ സാധ്യത
മഴയും കാറ്റും ശക്തമായാൽ മരങ്ങൾ കടപുഴകി വീണേയ്ക്കാം
മലയോരമേഖലകളിൽ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത
വീട് മാറാൻ നിർദേശം കിട്ടിയാൽ ഉടൻ മാറണം
മൂന്നാറിലേയ്ക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം
ഒക്ടോബർ 5 ന് ശേഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാനുള്ള യാത്ര വേണ്ട
പുഴകളിൽ കുളിയ്ക്കാനിറങ്ങരുത്
ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി
ലൈനുകൾ കടപുഴകി വീണേയ്ക്കാം
രാത്രിയാത്രകൾ പരമാവധി ഒഴിവാക്കുക
നിലവിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഉച്ചഭാഷിണികളിൽ മുന്നറിയിപ്പ് നൽകും
കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടും
എൻഡിആർഎഫിന്‍റെ കൂടുതൽ ടീമിനെ ആവശ്യപ്പെടും

You might also like

-