ഫോനി ചുഴലിക്കാറ്റ് 12 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു
മണിക്കൂറില്‍ 170-200 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ 14 ജില്ലകളിലുള്ള 12 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. 900 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കൊല്‍ക്കത്ത: കാലാവസ്ഥ മുന്നറിയിപ്പുകൾ ശരിവച്ചുകൊണ്ട് അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ഇപ്പോൾ ഗോപാൽപൂരിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് കരതൊടുകയെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 170-200 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ 14 ജില്ലകളിലുള്ള 12 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. 900 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഒഡീഷയ്ക്ക് പുറമെ ബംഗാൾ, ആന്ധ്ര സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയിൽ ഇതുവരെ പതിനൊന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ചു . ഒഡീഷയിൽ 13 ജില്ലകളിൽ റെഡ് അലർട്ട് നല്‍കിയിട്ടുണ്ട്. കൊടുങ്കാറ്റ് ബാധിയ്ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും നീങ്ങും. 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുക.
ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കും. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബാധിക്കും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.
ചുഴലിക്കാറ്റ് സംസ്ഥാനത്തെ വ്യോമ, റെയിൽ ഗതാഗത മാർഗങ്ങളെ ഉൾപ്പെടെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. മുൻ കരുതലിന്‍റെ ഭാഗമായി സർവ്വീസുകൾ റദ്ദാക്കി. വ്യാഴാഴ്ച രാത്രി മുതല്‍ 24 മണിക്കൂര്‍ വരെ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. കൊൽക്കത്ത ചെന്നൈ റൂട്ടിലുള്ള എക്സ്പ്രസ് ട്രെയിനുകൾ അടക്കം 150 ഓളം റെയിൽ സർവ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയിൽ നിന്നും അടിയന്തിരമായി പിൻവാങ്ങാൻ ടൂറിസ്റ്റുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഒഡീഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്. 12 സംഘങ്ങളെ ആന്ധ്രപ്രദേശിലും ആറ് സംഘങ്ങളെ ബംഗാളിലും ദുരന്തനിവാരണത്തിനായി സജ്ജമാക്കി. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ഒഡീഷയിലെ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കൊടുങ്കാറ്റിനെ നേരിടാന്‍ ബംഗ്ലാദേശ് സര്‍ക്കാറും നടപടികള്‍ സ്വീകരിച്ചു. മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ അധ്യക്ഷതയിലും യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്ന് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നേവിയുടെയും കോസ്റ്റ്ഗാഡിന്റെയും പ്രത്യേക സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.