ഫ്ളോറിഡയിൽ വീണ്ടും കോവിഡ് വ്യാപനം 81 പേർ മരിച്ചു
കഴിഞ്ഞ ആഴ്ച മുതൽ ഓരോ ദിവസവും 70- 80 ലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
തൽഹാസി: ഫ്ളോറിഡ സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്നു. നവംബർ 19 നു മാത്രം 9000 പുതിയ കോവിഡ് കേസുകളും 81 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫ്ളോറിഡ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്താണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.മയാമി – ഡേസ് കൗണ്ടിയിൽ മാത്രം 2000 കേസുകളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. മാർച്ച് മാസത്തിനു ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് മയാമി -ഡേസ്കൗണ്ടി .
കഴിഞ്ഞ ആഴ്ച മുതൽ ഓരോ ദിവസവും 70- 80 ലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മരണം ശരാശരി 64 ആണ്. മാർച്ചിനുശേഷം ഫ്ളോറിഡായിൽ 18030 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. സംസ്ഥാനത്തെ റിപ്പബ്ളിക്കൻ ഗവർണർ ദീർഘ നാളുകൾക്കു ശേഷം ആദ്യമായാണ് കോവിഡ് മഹാമാരിയെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്. ട്രംപ് അഡ്മിനിസ്ട്രേഷനും ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയെന്നും ഇതിനകം തന്നെ 5 മില്യൺ നീഡിൽസ് , സിറിഞ്ചസ് ആൽക്കഹോൾ സ്വാബ് എന്നിവ എത്തിക്കഴിഞ്ഞതായും കോവിഡിനെതിരെയുള്ള വാക്സിൻ ഉടൻ ലഭിക്കുമെന്നും ഗവർണർ അറിയിച്ചു.
അതേസമയം ഫ്ളോറിഡയിലെ വിവിധ മേയർമാർ കോവിഡിനെ പ്രതിരോധിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കാൻ ഗവർണർ തയാറായില്ല. മാസ്ക് ധരിക്കാത്തവർക്കെതിരെ ഫൈൻ ഏർപ്പെടുത്തണന്ന് മേയർമാർ ആവശ്യപെട്ടിരുന്നു.