പ്രളയജലത്തില്‍ രണ്ടു കുഞ്ഞുങ്ങളെ തോളിലേറ്റി പൊലീസുകാരന്‍ കരയിലേക്ക് നടന്നത് 1.5 കിലോമീറ്റര്‍
മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയാണ് രണ്ടു കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
കനത്ത മഴ തുടരുന്ന ഗുജറാത്തിലെ വിവിധ മേഖലകള്‍ പ്രളയത്തിന്റെ പിടിയിലാണ്. നൂറു കണക്കിനാളുകളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ മാറ്റിക്കഴിഞ്ഞു. പ്രളയത്തിന്റെ നിരവധി ദൃശ്യങ്ങളും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ അതില്‍ വ്യത്യസ്തമാകുകയാണ് ഒരു പൊലീസുകാരന്റെ രക്ഷാപ്രവര്‍ത്തനം.
പ്രളയജലം നിറഞ്ഞ വീട്ടില്‍ നിന്ന് രണ്ടു കുട്ടികളെ തോളിലേറ്റി ഒന്നര കിലോമീറ്റര്‍ അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ കരയിലേക്ക് നടക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളുടെ കയ്യടി നേടിയിരിക്കുന്നത്. മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയാണ് രണ്ടു കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വൈറലായതോടെ പൃഥ്വിരാജിന്റെ ധീരതയെ പ്രശംസിച്ച് മുഖ്യമന്ത്രി വിജയ് രൂപാനിയും രംഗത്തുവന്നു.