സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ശക്തമായി ആവശ്യപ്പെട്ടു.

മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിയ്ക്കുന്നത് ഒഴിവാക്കാൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാർ ഒരുങ്ങുന്നു

0

തിരുവനന്തപുരം/കൊച്ചി: മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിയ്ക്കുന്നത് ഒഴിവാക്കാൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാർ ഒരുങ്ങുന്നു. സുപ്രീംകോടതി വിധി നടപ്പാക്കിയേ തീരൂ എന്ന സ്ഥിതിയിലാണ് സംസ്ഥാനസർക്കാരെന്നും, എന്നാൽ ഇതിൽ കൂടുതൽ നിയമപരമായി എന്ത് നടപടിയെടുക്കാനാകും എന്നതിൽ അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. ഇത് കണക്കിലെടുത്ത് മരടിലെ സമരം തൽക്കാലം നിർത്തി വയ്ക്കുകയാണെന്ന് ഫ്ലാറ്റുടമകൾ വ്യക്തമാക്കി.

മുഖ്യമന്ത്രി കേന്ദ്രപരിസ്ഥിതി മന്ത്രിയുമായി സംസാരിക്കും. എന്നാൽ ദില്ലിയിലേക്ക് സർവകക്ഷിസംഘത്തെ അയക്കാനുള്ള നിർദേശത്തിൽ സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല. കെട്ടിടനിർമാതാക്കളെയോ കമ്പനികളെയോ കരിമ്പട്ടികയിൽ പെടുത്തുന്ന തരത്തിലുള്ള നടപടികളും സർവകക്ഷിയോഗത്തിലുണ്ടായില്ല. യോഗത്തിൽ ഫ്ളാറ്റ് നിർമാതാക്കൾക്കെതിരായ പൊതുവികാരമാണ് ഉയർന്നത്. നഷ്ടപരിഹാരം ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

മരടിൽ കേന്ദ്രസർക്കാരിന്‍റെ കൂടി സഹായം തേടിയാകും തുടർനടപടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ട്. പക്ഷേ മരടിലേത് സവിശേഷ കേസാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയിൽ തുടർ നടപടികൾ എടുക്കുമ്പോൾ പ്രമുഖ അഭിഭാഷകൻ തന്നെ സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിടനിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്താനുള്ള അന്തിമ തീരുമാനമുണ്ടായില്ലെങ്കിലും അത്തരം നടപടികൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തിനു വേണ്ടി സുപ്രീംകോടതിയിലെ ഉന്നതനായ അഭിഭാഷകന്‍ തന്നെ ഹാജരാകും. നിയമപരമായി ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്.

സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. എന്നാല്‍ ഈ കേസില്‍ സവിശേഷമായ ചില പ്രശ്നങ്ങള്‍ കാണാവുന്നതാണ്. നേരത്തെയുള്ള കോടതി വിധികളെല്ലാം ഫ്ളാറ്റുടമകള്‍ക്ക് അനുകൂലമായിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഫ്ളാറ്റ് വാങ്ങി താമസിച്ചുവരുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് പ്രധാന പ്രശ്നം. ഒരു ഭാഗത്ത് ഭവനരഹിതര്‍ക്ക് വീടുവെച്ചു കൊടുക്കുകയും മറുഭാഗത്ത് വാസഗൃഹങ്ങള്‍ പൊളിച്ചുകളയുകയും ചെയ്യുന്ന സമീപനം ഒരു സര്‍ക്കാരിനും സ്വീകരിക്കാനാകില്ല. അനധികൃത നിര്‍മാണം നടത്തിയ ഫ്ളാറ്റുടമകള്‍ രക്ഷപ്പെടുകയും ഫ്ളാറ്റിലെ താമസക്കാര്‍ ഭവനരഹിതരാകുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്.

ഈ പ്രശ്നത്തിന് പ്രാഥമികമായി ഉത്തരവാദികള്‍ കെട്ടിടനിര്‍മാതക്കളാണ്. നിര്‍മാണത്തിന് അനുമതി കൊടുത്തതാണ് ആദ്യത്തെ തെറ്റ്. നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം തികച്ചും ശരിയാണ്. അതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. ഈ നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി തുടര്‍ന്നുള്ള കച്ചവടങ്ങളില്‍ നിന്ന് വിലക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കും. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുകയും ഫ്ളാറ്റിലെ താമസക്കാരെ സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

-