മരടിലെ ഫ്ലാറ്റുടമകൾക്ക് വീണ്ടും തിരിച്ചടി; ഒഴിപ്പിക്കലിനെതിരായ ഹർജി ഹൈക്കോടതി തള്ളി.
മരടുമായി ബന്ധപ്പെട്ട ഹർജികൾ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. സുപ്രീംകോടതി വിധി നിയമലംഘകർക്കുള്ള താക്കീതാണെന്നും നഷ്ടപരിഹാരമാണ് ആവശ്യമെങ്കിൽ ഉടമകൾ അതിനുള്ള നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: മരട് നഗരസഭ നൽകിയ നോട്ടീസ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഫ്‌ളാറ്റുടമകളുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മരടുമായി ബന്ധപ്പെട്ട ഹർജികൾ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി വിധി നിയമലംഘകർക്കുള്ള താക്കീതാണെന്നും നഷ്ടപരിഹാരമാണ് ആവശ്യമെങ്കിൽ ഉടമകൾ അതിനുള്ള നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസവും ഇതേ ഹർജി പരിഗണിച്ച ഹൈക്കോടതി സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിനെയും നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറിയെയും തിങ്കളാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിധി നടപ്പാക്കാൻ ഇനി എത്ര ദിവസം വേണമെന്നും സുപ്രീംകോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. തീരദേശനിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ എല്ലാ നിർമാണങ്ങളുടെയും വിവരങ്ങൾ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.