പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.

കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പാലക്കാട് | പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്. ഒരാളെയും കൂടെ തിരിച്ചറിയാനുണ്ട്. . കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. ലോറി പാലക്കാട്ടേക്ക് പോകുന്ന വഴിയായിരുന്നു. അപകടം സംഭവിച്ചയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കാർ അമിത വേ​ഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. കല്ലടിക്കോട് വാഹന അപകടത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും തെരഞ്ഞെടുപ്പ് പരിപാടികൾ നാളെ ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും എം.ഷഹീർ പറഞ്ഞു.കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറിൽ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു.
.

You might also like

-