പെരിയാറിലെ മത്സ്യക്കുരുതി; ചത്തമീനുകളുമായി മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ച് മത്സ്യക്കർഷകർ
മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേർന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ ചത്തുപൊന്തിയ മീനുകൾ എറിഞ്ഞു.
കൊച്ചി: പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേർന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ ചത്തുപൊന്തിയ മീനുകൾ എറിഞ്ഞു. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീൻവളർത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്.
പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിന് സ്ഥലത്തെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയറുടെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു. ഇന്നലെ രാവിലെ അലൈൻസ് മറൈൻ പ്രോഡക്റ്റ് എന്ന കമ്പനി രാസമാലിന്യം ഒഴുകിയതിന്റെ ലക്ഷണങ്ങൾ കണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മീനുകൾ ചത്തു പൊങ്ങാനുള്ള കാരണം അതാണോ എന്ന് വ്യക്തമായിട്ടില്ല. മീനുകളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴി വേസ്റ്റ് പ്രോസ്സസ് ചെയ്യുന്ന കമ്പനിയാണ് അലൈൻസ് മറൈൻ. കമ്പനി അടച്ചു പൂട്ടുന്നതിനു മുന്നോടിയായി വിശദീകരണം ചോദിച്ച് നോട്ടീസ് നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്താറില്ല. ജലവിഭവ വകുപ്പ് എല്ലാവർഷവും മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നുവിടുന്നുണ്ടെന്നും പരാതിയുണ്ട്. റെഗുലേറ്റർ കം ബ്രിഡ്ജ് തുറക്കുന്നത് ജല അതോറിറ്റി മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബണ്ട് തുറന്നതും വെള്ളം പുഴയിലേക്ക് എത്തിയതും. അതിന് പിന്നാലെയാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയത്.