ചരിത്രത്തിലാദ്യമായി മുസ്ലീം വനിത യു.എസ് കോണ്‍ഗ്രസിലേക്ക്
നവംബറില്‍ നടക്കുന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ റഷീദയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലാ എന്നതാണ് ഇവരുടെ വിജയം സുനിശ്ചിതമാക്കിയിരിക്കുന്നത്.
ന്യൂയോര്‍ക്ക്: യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതാ സ്ഥാനാര്‍ഥി പ്രൈമറിയില്‍ വിജയിച്ചു. യുഎസ് കോണ്‍ഗ്രസില്‍ എത്തുമെന്ന് ഉറപ്പായി. ആഗസ്റ്റ് 7 ചൊവ്വാഴ്ച മിഷിഗണില്‍ നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ ബ്രിന്‍ണ്ടാ ജോണ്‍സിനെ പരാജയപ്പെടുത്തിയാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം റഷീദ ട്‌ലേബ് കരസ്ഥമാക്കിയത്.
നവംബറില്‍ നടക്കുന്ന ഇടക്കാല പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ റഷീദയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലാ എന്നതാണ് ഇവരുടെ വിജയം സുനിശ്ചിതമാക്കിയിരിക്കുന്നത്. ട്രംപിന്റെ കടുത്ത വിമര്‍ശകയായ ഇവര്‍ ട്രംപിന്റെ ട്രാവല്‍ ബാന്‍ അംഗീകരിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്.
2008 മുതല്‍ 2014 വരെ മിഷിഗണ്‍ ഹൗസ് പ്രതിനിധിയായും ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഷുഗര്‍ ലൊ സെന്റര്‍ ഫോര്‍ ഇക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് അറ്റോര്‍ണിയാണ് റഷീദാ. രണ്ടു വര്‍ഷം മുമ്പ് ട്രംപിന്റെ ഫണ്ടു കളക്ഷനുമായി ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങി ഉച്ച ഭക്ഷണത്തിനെത്തിയ റഷീദയെ ട്രംപിനെതിരെ മുദ്രവാക്യം വിളിച്ചതിനു ബലമായി ഹാളില്‍ നിന്നും ഇറക്കിവിട്ടിരുന്നു.
പലസ്തീന്‍ പൗരന്‍മാരാണ് റഷീദയുടെ മാതാപിതാക്കള്‍. ഡിട്രോയ്റ്റില്‍ വെച്ച് ജനിച്ച മകളാണ് റഷീദ. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ആഗസ്റ്റ് 8 ന് ഇവരുടെ ട്വിറ്റര്‍ സന്ദേശത്തില്‍ തനിക്കു ലഭിച്ച അസുലഭ അവസരത്തിന് നന്ദി രേഖപ്പെടുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.