പുതുക്കാട് നവജാത ശിശുക്കളുടെ ദുരൂഹമരണത്തിൽ ആദ്യത്തെ കുട്ടിയുടെ മരണവും കൊലപാതകമെന്ന് എഫ്ഐആർ
തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിൻ്റെ മൃതദേഹം ഓഗസ്റ്റ് 30 ന് അനീഷ, ഭവിൻ്റെ വീട്ടിലെത്തിച്ചു. വീടിന് പിന്നിലെ തോട്ടിൽ കുഴിച്ചു മൂടിയ മൃതദേഹം നാല് മാസങ്ങൾക്ക് ശേഷമാണ് പുറത്തെടുത്തത്
തൃശൂര്‍ | പുതുക്കാട് നവജാത ശിശുക്കളുടെ ദുരൂഹമരണത്തിൽ ആദ്യത്തെ കുട്ടിയുടെ മരണവും കൊലപാതകമെന്ന് എഫ്ഐആർ. രണ്ട് കൊലപാതകങ്ങളും നടത്തിയത് കുട്ടികളുടെ അമ്മ അനീഷയെന്ന് പൊലീസ് ചോദ്യം ചെയ്യലിലും പരിശോധനയിലും കണ്ടെത്തി. ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2021 നവംബർ ആറിനും രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത് 2024 ഓഗസ്റ്റ് 29നുമാണെന്ന് കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുഞ്ഞിൻ്റെ മൃതദേഹം ഓഗസ്റ്റ് 30 ന് അനീഷ, ഭവിൻ്റെ വീട്ടിലെത്തിച്ചു. വീടിന് പിന്നിലെ തോട്ടിൽ കുഴിച്ചു മൂടിയ മൃതദേഹം നാല് മാസങ്ങൾക്ക് ശേഷമാണ് പുറത്തെടുത്തത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലിന് ശേഷമാണ് അനീഷ കുറ്റം സമ്മതിച്ചത്. ആദ്യത്തെ കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചുവെന്നായിരുന്നു ഇരുവരും ആദ്യം പൊലീസിൽ മൊഴി നൽകിയത്.
2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറില്‍ പറയുന്നു
രണ്ട് സംഭവങ്ങളിലും രണ്ട് കേസുകളാണ് എടുത്തിട്ടുള്ളത്. ഭവിനും അനീഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികൾ രണ്ടു പേരുടെയും വീട്ടിലെത്തി ഇന്ന് തന്നെ പൊലീസ് തെളിവെടുപ്പ് നടത്തും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കാനും അന്വേഷണ സംഘത്തിൻ്റെ തീരുമാനമായിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് ഇരുപത്തിയാറുകാരനായ ആമ്പല്ലൂർ സ്വദേശി ഭവിൻ തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കയ്യില്‍ പിഞ്ചു കുഞ്ഞുങ്ങളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളുമുണ്ടായിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവാവ് സ്റ്റേഷനിലെത്തി പറഞ്ഞതെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകിയുമായി ചേര്‍ന്ന് തങ്ങളുടെ രണ്ട് നവജാത ശിശുക്കളെ കുഴിച്ചു മൂടിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചുവെച്ചുവെന്നും അതാണ് തന്റെ കൈവശമുള്ളതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
ഭവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി അനീഷയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അഞ്ച് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. 2020 മുതല്‍ ബന്ധമുണ്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഇതിനിടയില്‍ 2021 ല്‍ അനീഷ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ശേഷം കുഞ്ഞിനെ ആരുമറിയാതെ അനീഷയുടെ വീട്ടില്‍ കൊണ്ടുവന്ന് രഹസ്യമായി കുഴിച്ചിട്ടു. 2024 ല്‍ അനീഷ രണ്ടാമതും പ്രസവിച്ചു. വീട്ടിലെ മുറിയിലായിരുന്നു രണ്ടാമത്തെ പ്രസവം. ഈ കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അനീഷ തന്നെയാണ് സ്‌കൂട്ടറില്‍ ഭവിന്റെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. ശേഷം ഇരുവരും ചേര്‍ന്ന് കുഴിച്ചിട്ടു.