ഇന്റർനെറ്റ് ദുരുപയോഗം കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരന്റെ കുറ്റ സമ്മതം

പ്രതി ജില്ലാ ജൂഡോ ചാമ്പ്യനാണ് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് പറഞ്ഞു . 15 വയസുകാരനാണെങ്കിലും പ്രതി ആരോഗ്യമുള്ളയാളാണെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല

0

മലപ്പുറം : ഇന്റർനെറ്റിന്റെ ദുരുപയോഗം മൂലമുള്ള ഭ്രാന്തമായ ആവേശമാണ് കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പതിനഞ്ചുകാരനെ കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് .പ്രതി ജില്ലാ ജൂഡോ ചാമ്പ്യനാണ് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് പറഞ്ഞു . 15 വയസുകാരനാണെങ്കിലും പ്രതി ആരോഗ്യമുള്ളയാളാണെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പെൺകുട്ടിയെ പിന്തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 15 കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. പെൺകുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയ്‌ക്ക് കല്ല് കൊണ്ട് അടിയ്‌ക്കുകയും ചെയ്തിരുന്നു. വസ്ത്രങ്ങൾ വലവിച്ചു കീറുകയും കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകുകയും ചെയ്തു. പീഡിപ്പിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നും ആക്രമണത്തെ പെൺകുട്ടി നല്ല രീതിയിൽ ചെറുത്ത് നിന്നിരുന്നു എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ആക്രമണത്തിനിടെ പ്രതിയ്‌ക്ക് സാരമായി പരിക്കേറ്റിരുന്നു. പെൺകുട്ടിയുടെ നഖം കൊണ്ട് ശരീരത്തിലെ വിവിധ ഭാഗങ്ങളിലാണ് പരിക്കേറ്റത്. എന്നാൽ നായ ഓടിച്ചപ്പോൾ വീണതാണ് എന്നാണ് പ്രതി വീട്ടുകാരോട് പറഞ്ഞത്. പ്രതിയുടെ ചെളി പറ്റിയ വസ്ത്രവും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിതാവിന്റെ സാന്നിധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇന്റർനെറ്റ് ദുരുപയോഗമാണ് കുറ്റകൃത്യത്തിന് പ്രേരണയായത് എന്നാണ് നിഗമനം. പ്രതിയ്‌ക്ക് മറ്റാരുടേയും സഹായം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒന്നരവർഷമായി ക്ലാസുകൾ ഓൺലൈനിലായതിനാൽ ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിച്ചെന്ന് പരിശോധിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഓർമ്മിപ്പിച്ചു. പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി .പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

You might also like

-