സ്വന്തം മണ്ണിൽ കാലിടറി  കണ്ണീരണിഞ്ഞ് റഷ്യ  നാടകീയം.. അവസാനം  ക്രൊയേഷ്യ

0

മോസ്‌കോ: ആതിഥേയരായെ റഷ്യയെ തോല്‍പ്പിച്ച് ക്രൊയേഷ്യ ലോകകപ്പ് സെമിയില്‍. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും.

നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഡെനിസ് ചെറിഷേവാണ് റഷ്യക്ക് ലീഡ് നല്‍കിയത്. 31ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്നുള്ള ചെറിഷേവിന്റെ അപ്രതീക്ഷിത ഷോട്ട് ഗോളാകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബസിച്ചിന് സാധിച്ചുള്ളു. വേരുറച്ച നിലയിലായി സുബസിച്ച്.

എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. 39ാം മിനിറ്റില്‍ ആന്ദ്രേ ക്രമാരിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു. മാന്‍ഡ്‌സുകിച്ചിന്റെ പാസ് ക്രമാരിച്ച് ഹെഡ് ചെയ്ത് ഗോളാക്കി. അധികം ആക്രമണത്തിന് മുതിരാതെ ഇരുവരും ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ ഇരുവരും കാര്യമായ ആക്രമണത്തിന് മുതിര്‍ന്നില്ല. ക്രൊയേഷ്യ നടത്തിയ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമായിരുന്നു രണ്ടാം പകുതിയിലെ പ്രധാന കാഴ്ച.

മത്സരം അധിക സമയത്തേക്ക്. 11ാം മിനിറ്റില്‍ ഡൊമാഗോ വിദയുടെ ഗോളെത്തി. ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണറില്‍ തല വച്ചായിരുന്നു വിദയുടെ ഗോളോടെ അധിക സമയത്തിന്റെ ആദ്യപകുതിക്കും അവസാനമായി. രണ്ടാം പകുതിയില്‍ റഷ്യ ആക്രമിച്ച് കളിച്ചു. ക്രൊയേഷ്യ പ്രതിരോധം കടുപ്പിച്ചു. ഇതിനിടെ ഡേലര്‍ കുസ്യാവിന്റെ ഒരുഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. എങ്കിലും ഒരു ഗോള്‍ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അലന്‍ സഗോവിന്റെ ഫ്രീ കിക്ക് മരിയോ ഫെര്‍ണാണ്ടസ് തലക്കൊണ്ട് കുത്തി ഗോളാക്കി. പിന്നാലെ അവസാന വിസിലും. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

റഷ്യയുടെ ആദ്യ കിക്കെടുത്ത ഫെദോര്‍ സ്‌മോളവിന്റെ കിക്ക് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ച് തടഞ്ഞു. ക്രൊയേഷ്യക്ക് വേണ്ടി ബ്രൊസോവിച്ച് ലക്ഷ്യം കണ്ടു. എന്നാല്‍ ക്രൊയേഷ്യന്‍ താരം കോവാസിച്ചിന്റെ കിക്ക് റഷ്യന്‍ ഗോള്‍ കീപ്പര്‍ അകീന്‍ഫീവും തടഞ്ഞു. മൂന്നാം കിക്കില്‍ ഫെര്‍ണാണ്ടസിന് പിഴച്ചു. കിക്ക് പുറത്തേക്ക്. അടുത്ത  രണ്ട് കിക്കുകളും ഇരുവരും ലക്ഷ്യത്തിലെത്തിച്ചു. നിര്‍ണായകമായ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച് റാകിടിച്ച് ക്രൊയേഷ്യയെ സെമിയിലേക്ക് നയിച്ചു

You might also like

-