ഫുടബോൾ രാജാക്കന്മാർക്ക് കാലിടറി വിപ്ലവ ഭൂമിയിൽ കാനറികൾ കണ്ണീര്‍ വീഴ്ത്തി പട തോറ്റ് പലായനം ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീലിന് പരാജയം
11 ആം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോളിലൂടെ അക്കൗണ്ട് തുറന്ന ബെല്‍ജിയം 31 ആം മിനുട്ടില്‍ ഡി ബ്രൂയിനെയുടെ ഗോളോടെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, 76 ആം മിനുട്ടില്‍ ബ്രസീലിന് വേണ്ടി അഗസ്റ്റോ ഗോള്‍ മടക്കിയെങ്കിലും ആ കുതിപ്പ് തുടരാന്‍ ബ്രസീലിനായില്ല. ഒടുവില്‍ ജെല്‍ജിയത്തിനു മുന്നില്‍ തോല്‍വി സമ്മതിച്ച് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് മടങ്ങി.
കസാന്‍: ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇന്ന് തുടക്കം കുറിച്ചപ്പോള്‍ ഉറുഗ്വേയ്ക്ക് പിന്നാലെ ബ്രസീലും പുറത്തേക്ക്. ബ്രസീല്‍-ബെല്‍ജിയം പോരാട്ടത്തില്‍ പൊരുതി തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത്.കളിയുടെ അവസാനം വരെ കാനറികള്‍ ചിറകടിച്ചു. പക്ഷേ, വിധിയും നിര്‍ഭാഗ്യവും ഒരുപോലെ ബ്രസീലിനെ പിന്തുടര്‍ന്നതോടെ ക്വാര്‍ട്ടറില്‍ മഞ്ഞപ്പടയുടെ പോരാട്ടത്തിന് അവസാനം.
ആദ്യപകുതിയില്‍ പിറന്ന ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളും കെവിന്‍ ഡിബ്രുയിന്‍റെ കിടിലന്‍ ഗോളുമാണ് മുന്നിലെത്താന്‍ ചുവപ്പന്‍ പട്ടാളത്തെ സഹായിച്ചത്. അതില്‍ പിടിച്ചു തൂങ്ങി ഹസാര്‍ഡും സംഘവും വിജയം പിടിച്ചെടുത്തു. സമര്‍ദം ചെലുത്തി എതിരാളികളെ തുടക്കത്തിലെ പ്രശ്നത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇരുടീമുകളും തുടക്കത്തില്‍ നടത്തിയത്.
ആദ്യം ഒന്ന് പകച്ചെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ബ്രസീല്‍ അഞ്ചാം മിനിറ്റില്‍ ആദ്യ പ്രഹരം ഏല്‍പ്പിക്കുമെന്ന് തോന്നിച്ചു. നെയ്മര്‍ എടുത്ത കോര്‍ണറില്‍ തിയാഗോ സില്‍വയുടെ ഹെഡ്ഡര്‍ ഗോള്‍ ബാറില്‍ തട്ടിത്തെറിച്ചു. അതിന്‍റെ കൗണ്ടറില്‍ ലുക്കാക്കുവിന്‍റെ മുന്നേറ്റം ബ്രസീലിന്‍റെ പ്രതിരോധത്തിലെ വിള്ളലുകള്‍ തുറന്നു കാട്ടി.
പക്ഷേ, സുവര്‍ണ തലമുറയുടെ പ്രഭാവമുള്ള ചുവന്ന ചെകുത്താന്മാര്‍ക്കെതിരെ തുടര്‍ച്ചയായി കാനറികള്‍ ആക്രമണം അഴിച്ചു വിട്ടു. പൗളീഞ്ഞോയുടെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ കോര്‍ട്ടിയസിന്‍റെ ഭാഗ്യം കൊണ്ട് ലക്ഷ്യത്തിലേക്കെത്താതെ ഇരുന്നത്. 13-ാം മിനിറ്റില്‍ ബെല്‍ജിയം ആദ്യ ഗോള്‍ സ്വന്തമാക്കി. കോര്‍ണറില്‍ തലവെച്ചപ്പോള്‍ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് പിഴച്ചു, കാനറികള്‍ക്ക് പണി പാളിയ സെല്‍ഫ് ഗോള്‍ പിറന്നു.
പക്ഷേ, ഒരു ഗോള്‍ വഴങ്ങിയതിന്‍റെ ആഘാതമൊന്നും മഞ്ഞപ്പടയുടെ പിന്നീടുള്ള കളികളില്‍ കണ്ടില്ല. കുടീഞ്ഞോയും നെയ്മറുമെല്ലാം യൂറോപ്യന്‍ ടീമിന്‍റെ ബോക്സിലേക്ക് ഇരച്ചു കയറി. 23-ാം മിനിറ്റില്‍ ബ്രസീല്‍ നായകന്‍ മിറാന്‍ഡയെ കബളിപ്പിച്ച ലുക്കാക്കുവിന്‍റെ കിടിലന്‍ മുന്നേറ്റം ഗോള്‍ ആകാതെ പോയത് മഞ്ഞപ്പടയുടെ ഭാഗ്യം കൊണ്ട് മാത്രമാണ്.
31-ാം മിനിറ്റില്‍ കാനറി പോസ്റ്റില്‍ രണ്ടാം ഗോളും ബെല്‍ജിയം നിക്ഷേപിച്ചു. അതിന്‍റെ എല്ലാ മാര്‍ക്കും നല്‍കേണ്ടകത് ലുക്കാക്കുവിനാണ്. ലുക്കാക്കുവിന്‍റെ പാസ് ലഭിച്ച കെവിന്‍ ഡുബ്രുയിന്‍ അലിസണ് കെെയ്യെത്തിപ്പിടിക്കാനാവാത്ത ഷോട്ട് പായിച്ചു. കീഴടങ്ങുന്ന പ്രകൃതമല്ല തങ്ങള്‍ക്ക് എന്ന വിളിച്ചു പറഞ്ഞായിരുന്നു ബ്രസീല്‍ വീണ്ടും മുന്നേറ്റം നടത്തിയത്. ജീസസിന്‍റെ ഒരു ഹെഡ്ഡറും കുടീഞ്ഞോയുടെ ഒരു ലോംഗ് ഷോട്ടും പുറത്തു പോയത് അവരുടെ നിര്‍ഭാഗ്യമായി.
രണ്ടാം പകുതിയില്‍ എങ്ങനെയെങ്കിലും ഗോള്‍ നേടാനുള്ള ശ്രമങ്ങളുമായി ബ്രസീല്‍ മികച്ച പ്രകടനം പുറത്തെടുത്തു. മാഴ്സലോ ഇടതു വിംഗില്‍ കൂടെ മനോഹരമായി പന്തുകള്‍ എത്തിച്ചു കൊടുത്തുകൊണ്ടേയിരുന്നു. വില്യന് പകരം എത്തിയ ഫിര്‍മിനോയ്ക്ക് ഒരു ക്രോസ് റയല്‍ താരം നല്‍കിയെങ്കിലും മുതലാക്കാനായില്ല. നിരന്തരം മുന്നേറ്റങ്ങള്‍ കാനറികള്‍ നടത്തിയതോടെ ബെല്‍ജിയം പരുങ്ങലിലായി.
55-ാം മിനിറ്റില്‍ കോമ്പാനി ജീസസിനെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചെങ്കിലും വിഎആര്‍ ബ്രസീലിന് എതിരായി. ബ്രസീല്‍ താരങ്ങളില്‍ നിന്ന് പന്ത് വിട്ടു കിട്ടാതായതോടെ ബെല്‍ജിയം പതറി. 61-ാം മിനിറ്റില്‍ ഡിബ്രുയിന്‍റെ പാസില്‍ കയറി വന്ന ഹസാര്‍ഡ് അടിച്ച ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്.
70-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയുടെ ഷോട്ടും കോര്‍ട്ടിയസിന്‍റെ കെെകളില്‍ ഒതുങ്ങി. 76-ാം മിനിറ്റില്‍ ബ്രസീല്‍ ഒരു ഗോള്‍ നേടി കളത്തിലേക്ക് തിരിച്ചെത്തി. കുടീഞ്ഞോയുടെ സുന്ദരന്‍ ക്രോസ് ബെല്‍ജിയം താരങ്ങളുടെ ഇടയിലൂടെ ഹെഡ് ചെയ്ത് റെനറ്റോ അഗസ്റ്റോ മനോഹരമായി വലയിലാക്കി. ഇതോടെ മഞ്ഞപ്പട ആകെ ഒന്ന് ഉണര്‍ന്നു. ശോകമൂകമായ ഗാലറിയിലും ആരവങ്ങള്‍ ഉയര്‍ന്നു.
ഗോള്‍ നേടിയതിന് തൊട്ട് പിന്നാലെ റെനെറ്റോ അഗസ്റ്റോയും കുടീഞ്ഞോയും തുറന്ന അവസരങ്ങള്‍ പുറത്തേക്ക് അടിച്ചു കളഞ്ഞു. ലുക്കാക്കുവിനെയും പിന്‍വലിച്ചു പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബെല്‍ജിയം ശ്രമിച്ചു. അതിന് ഫലവും വന്നു. ബ്രസീല്‍ പയറ്റാവുന്നതിന്‍റെ പരമാവധി തന്ത്രങ്ങള്‍ നടത്തിയെങ്കിലും അഞ്ചു വട്ടം ലോക ചാമ്പ്യന്മാരായ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ക്ക് ഒരു ഗോള്‍ പോലും സ്വന്തമാക്കാനായില്ല.
നെയ്മറിന്‍റെ ബോക്സിന് പുറത്ത് നിന്നുള്ള ഒരു കനത്ത ഷോട്ട് കൂടെ കോര്‍ട്ടിയസ് തടുത്തിട്ടതോടെ കാനറികളുടെ വിധി കുറിക്കപ്പെട്ടു. കാനറികള്‍ക്ക് വീണ്ടും കണ്ണീര്‍. സുവര്‍ണ തലമുറയുടെ കരുത്തുമായി ചുവന്ന ചെകുത്താന്മാര്‍ സെമിയിലേക്ക്.