കംഗാരുക്കൾക്ക് കാലിടറി  റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം 

റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് പട കുതിപ്പിന് തടയിടാന്‍ കംഗാരുക്കള്‍ക്കായില്ല. പെനാല്‍റ്റിയിലൂടെയായിരുന്നു ഇരു ടീമുകളുടെയും ആദ്യ ഗോള്‍

0

 

മോസ്കോ :റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് പടയുടെ കുതിപ്പിന് തടയിടാന്‍ കംഗാരുക്കള്‍ക്കായില്ല. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയം സ്വന്തം പാളയത്തിലെത്തിച്ചു. സമനില കൊതിച്ച ആസ്ട്രേലിയയെ കുരുക്കിയത് ഫ്രഞ്ച് നിരയിലെ നീരാളിക്കാലുകളുടെ ഉടമയായ പോഗ്ബ. 81 മിനിറ്റ് വരെ 1-1 എന്ന സ്കോറില്‍ ആക്രമിച്ചും പ്രത്യാക്രമിച്ചും ഇരുടീമുകളും മുന്നേറുന്നതിനിടെയാണ് പോഗ്ബയുടെ നീളമേറിയ കാലുകളില്‍ നിന്ന് ആ അത്ഭുത ഗോള്‍ പിറന്നത്. മാറ്റ് റയാന് മുകളിലൂടെ പോഗ്ബ ചിപ്പ് ചെയ്ത് ഉയര്‍ത്തിയ പന്ത് ക്രോസ് ബാറില്‍ ഇടിച്ച് ഗോള്‍ ലൈനിനുള്ളിലേക്ക് പറന്നിറങ്ങിയപ്പോള്‍ ആസ്ട്രേലിയയുടെ നെഞ്ചകമാണ് തകര്‍ന്നുവീണത്. ഇതില്‍ ചെറിയയൊരു സംശയം കുരുങ്ങിയതോടെ ഗോള്‍ ലൈന്‍ ടെക്നോളജിയുടെ സഹായത്തോടെ ഫലം നിര്‍ണയിച്ചു. 

 

 

 

പെനാല്‍റ്റിയിലൂടെയായിരുന്നു ഇരു ടീമുകളുടെയും ആദ്യ ഗോള്‍. 58 ാം മിനിറ്റില്‍ ഫ്രാന്‍സിനാണ് ആദ്യ പെനാല്‍റ്റി ലഭിച്ചത്. ഗ്രീസ്മാനെ ബോക്സിനുള്ളില്‍ വീഴ്‍ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഗ്രീസ്മാന്‍റെ വേഗതക്ക് മുന്നില്‍ കാഴ്ചക്കാരനാകാനേ ആസ്ട്രേലിയയുടെ ഗോള്‍കീപ്പര്‍ക്ക് കഴിഞ്ഞുള്ളു.

എന്നാല്‍ ഗോള്‍ വീണതിന്‍റെ ആവേശം തീരുംമുമ്പേ ഫ്രാന്‍സിന് തിരിച്ചടിയായി പെനാല്‍റ്റി. 61 ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വച്ച് ഉയര്‍ന്ന് വന്ന പന്തില്‍ തല വെക്കാന്‍ കഴിയാതെ വന്നതോടെ കൈ വച്ച സാമുവല്‍ ഉമിറ്റിയുടെ തന്ത്രം പക്ഷേ കൃത്യമായി റഫറി കണ്ടുപിടിച്ചു. ഇതോടെ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ജെഡിനക് കൃത്യമായി ഫ്രാന്‍സിന്‍റെ വലയില്‍ നിക്ഷേപിച്ചു. ഇതിന് ശേഷം ലീഡിനായി ഇരു ടീമുകളും വര്‍ധിതവീര്യത്തോടെ പോരാടുന്നതിനിടെയാണ് പോള്‍ പോഗ്ബയില്‍ നിന്ന് വിജയഗോളെത്തിയത്. വിഎആര്‍ റിവ്യൂവിലൂടെ ആദ്യ പെനാല്‍റ്റി വിധിച്ച മത്സരം കൂടിയായി ഇന്നത്തേത്.

You might also like

-