ഫാത്തിമയുടെ മരണം കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെന്നൈയിൽ തെളിവെടുക്കും
.ഫാത്തിമയുടെ മരണം വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ സജീവമായി ഇടപെടുന്നത്
ചെന്നൈ :മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥി ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തി തെളിവെടുക്കും .ഫാത്തിമയുടെ മരണം വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ സജീവമായി ഇടപെടുന്നത്.ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യമാണ് അന്വേഷത്തിനായി എത്തുക. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. ഫാത്തിമയുടെ പിതാവ് ലത്തീഫും ബന്ധുക്കളും ഇന്ന് കൊല്ലത്തേക്ക് തിരിയ്ക്കും. നാട്ടിലെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കണ്ട് ചില തെളിവുകൾ കൈമാറുമെന്നും സൂചനയുണ്ട്.
ഫാത്തിമയുടെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും മൊഴിയെടുക്കുന്നതിനും ലാപ് ടോപ്പ്, ടാബ്ലറ്റ് എന്നിവ പരിശോധിക്കുന്നതിനുമായി അന്വേഷണസംഘം ഉടൻ കൊല്ലത്തെത്തും. കേസിൽ ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭൻ ഐ.ഐ.ടിയിൽ തന്നെ തുടരുകയാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഫൊറൻസിക് പരിശോധനയ്ക്കായി അയച്ച ഫാത്തിമയുടെ മൊബൈൽ ഫോൺ തിരികെ ലഭിച്ചതിനു ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് പൊലീസ് കടക്കുക വിശദമായ അന്വേഷണ റിപ്പോർട്ട് പിന്നീട് കേന്ദ്രത്തിന് കൈമാറും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഉടൻ തന്നെ കേരളത്തിലെത്തും. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.