ഫാഷൻ ഗോൾഡ് തട്ടിപ്പ്എം എൽഎ എം സി കമറുദ്ദീൻ റിമാൻഡിൽ
ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത്
കാസര്‍കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ റിമാന്‍റ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും.ഇതാദ്യമായാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത് .എംഎല്‍എയുടെ ജാമ്യ ഹർജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ് കമറുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു കേസുകളിൽ ഇവരെ പ്രതി ചേർക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കേസിൽ കമറുദ്ദീൻ്റെ കൂട്ടുപ്രതിയും ഫാഷൻ ഗോൾഡ് എംഡിയുമായ പൂക്കോയ തങ്ങളേയും പൊലീസ് ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. കമറൂദ്ദിനൊപ്പം ഇദ്ദേഹത്തേയും അറസ്റ്റ് ചെയ്തുവെന്നാണ് സൂചന.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രധാന പരാതിക്കാരെല്ലാം ലീഗ് പ്രവർത്തകരും അനുഭാവികളുമാണ്. കേസിൽ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവാണ്. കമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നിൽ കണ്ടും ഇവരുടെ വാക്കുകൾ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങൾ പരാജയപ്പെട്ടിട്ടു പോലും നിരവധി പേർ ഇതുവരെ പരാതി നൽകാതെ മാറി നിന്നിരുന്നു. കമറുദ്ദീൻ്റെ അറസ്റ്റോടെ ഇവരും ഇനി പരാതിയുമായി പൊലീസിൽ എത്താനാണ് സാധ്യത. കമറുദ്ദീൻ്റെ ആസ്തി വകകൾ വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നീക്കം ആരംഭിച്ചതോടെയാണ് ഇയാളുടെ പേരിൽ കാര്യമായി സ്വത്തില്ലെന്നും വീട് പോലും ബാങ്ക് ലോണിലാണ് നിർമ്മിച്ചതെന്നും ലീഗ് നേതാക്കൾക്ക് മനസിലായത്. ഇതോടെ ഇവരും രംഗത്ത് നിന്നും മാറുകയായിരുന്നു.