ബില്ല് പിൻവലിക്കാതെ ഒത്തുതീർപ്പില്ല കർഷക സമരം ചർച്ച അഞ്ചാം വട്ടവും പരാജയപെട്ടു ,ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച
കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും അഞ്ചാംഘട്ട ചര്‍ച്ചയിലും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച തുടങ്ങിയത്
ഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും അഞ്ചാംഘട്ട ചര്‍ച്ചയിലും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച തുടങ്ങിയത്. തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകിയാല്‍ ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഒരു ഘട്ടത്തില്‍ കര്‍ഷക നേതാക്കള്‍ മുഴക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിങ് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം തുടരുമെന്നകാര്യം വ്യക്തമായി കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
അഞ്ച് മണിക്കൂര്‍ നീണ്ട യോഗത്തിനിടെ കടുത്ത വാഗ്വാദങ്ങള്‍ ഉയര്‍ന്നു. എന്തെങ്കിലും ഒന്ന് തീരുമാനിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷക നേതാക്കള്‍ ‘യെസ് ഓര്‍ നോ’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു. നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ചര്‍ച്ചയ്ക്കിടെ കര്‍ഷക നേതാക്കള്‍ തള്ളി.
സമരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും സ്വന്തം വീടുകളിലേക്ക് തിരിച്ചയയ്ക്കണമെന്ന ആവശ്യം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മുന്നോട്ടുവച്ചു. എന്നാല്‍ കോര്‍പ്പറേറ്റ് കൃഷി വേണ്ടെന്ന നിലപാടില്‍ അഞ്ചാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. പുതിയ കാര്‍ഷിക നിയമങ്ങളുടെ പ്രയോജനം സര്‍ക്കാരിന് മാത്രമാണെന്നും കര്‍ഷകര്‍ക്കല്ലെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. തുടര്‍ ചര്‍ച്ചകള്‍ക്കായി വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ച നീട്ടുക്കൊണ്ടു പോകുന്നതിലുള്ള അതൃപ്തി കര്‍ഷക നേതാക്കള്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരെ അറിയികച്ചതായി കർഷകരുടെ പ്രതിനിധികൾ പറഞ്ഞു . മുഖ്യവിഷയത്തില്‍നിന്ന് വഴിമാറി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. ഇതോടെ നേതാക്കള്‍ പലരും അതൃപ്തി അറിയിച്ചു. ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന ഭീഷണി ചിലര്‍ മുഴക്കി. ദിവസങ്ങളായി ഞങ്ങള്‍ പെരുവഴിയിലാണ്. ഞങ്ങള്‍ അവിടെതന്നെ തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരു പ്രശ്‌നവുമില്ല- ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചയ്ക്കുശേഷം കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഉപഭോക്തൃ കാര്യമന്ത്രി പീയുഷ് ഗോയല്‍, കേന്ദ്ര സഹമന്ത്രി സോം പ്രകാശ്, കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. 32 കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 40 നേതാക്കളും പങ്കെടുത്തു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.
ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. എന്നാല്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്താമെന്ന നിര്‍ദ്ദേശം അവര്‍ അംഗീകരിച്ചിട്ടുണ്ട്. ആറാംഘട്ട ചര്‍ച്ചയാവും കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച നടത്തുക.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഡിസംബർ എട്ടിന് ഭാരത് ബന്ദിന് കർഷകർ ആഹ്വാനം നൽകിയിട്ടുണ്ട്. ഇടത് സംഘടനകളുടെ കൂട്ടായ്മ ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. സി.പി.എം., സി.പി.ഐ., സി.പി.ഐ. (എം.എൽ), ആർ.എസ്.പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ സംഘടനകളാണ് പിന്തുണ അറിയിച്ചത്. ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർഷകരുടെ പ്രതിഷേധ സമരം തുടരുകയാണ്.