വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റയ്ക്ക് വിട.ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു

ഡല്‍ഹി| പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലാരുന്നു. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനാണ്. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു.രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.
രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസർകർ അറിയിച്ചു

ടാറ്റയുടെ വ്യവസായ കീർത്തി ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതൽ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് രത്തൻ നേവൽ ടാറ്റ.

1937 ഡിസംബർ 28, ബോംബെയില്‍ ജനനം. മാതാപിതാക്കള്‍ വേർപിരിഞ്ഞതിനാല്‍ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ൽ അമേരിക്കയിലെ കോർണൽ സര്‍വകലാശാലയില്‍നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. 1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.

1991ൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റു. രാജ്യം ഉദാരവൽക്കരണ നയം നടപ്പിലാക്കിയപ്പോഴും ടാറ്റയെ വിജയവഴിയില്‍ ഉറപ്പിച്ചുനിര്‍ത്തി. 1998 ഡിസംബർ 30ന് ഇന്ത്യയിൽ നിര്‍മിച്ച ‘ഇൻഡിക്ക’ കാർ പുറത്തിറക്കി. ഇൻഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2008 ല്‍ വിഖ്യാത കാര്‍ കമ്പനിയായ ഫോഡിന്‍റെ ജാഗ്വർ, ലാൻഡ് ലോവർ വിഭാഗങ്ങള്‍ ഏറ്റെടുത്തു. 2009 ല്‍ നാനോ കാര്‍ വിപണയിലെത്തിച്ചു. ഇത്
ഇന്ത്യൻ വാഹനചരിത്രത്തിലെ വലിയ ചരിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

2000-ൽ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ ഏറ്റെടുത്തു. 2004-ൽ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിന്റെ ട്രക്ക്-നിർമ്മാണ വിഭാഗം ഏറ്റെടുത്തു. 2007-ൽ ആംഗ്ലോ-ഡച്ച് സ്റ്റീൽ കമ്പനി കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തു. ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീൽ ഉത്പാദകരമായി ടാറ്റ സ്റ്റീലിനെ മാറ്റി. 2012 ല്‍ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചു. നിരവധി സ്റ്റാർട്ടപ്പുകള്‍ക്കും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും രത്തൻ ടാറ്റ പിന്തുണ നല്‍കി. അവിവാഹിതനാണ്.

രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുട‍ർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.

You might also like

-