റവ. ടി. സി. മാമ്മൻ (ന്യൂ യോർക്ക്) – ഏപ്രിൽ 26 വെള്ളിയാഴ്ച വ്യൂയിങ്.
അജപാലനത്തിന്റെ മഹത്വപൂർണമായ 40 ആണ്ടുകൾ പൂർത്തിയാക്കി മാർത്തോമാ സഭയിലെ മുതിർന്ന വൈദീകൻ റെവറന്റ് ടി. സി. മാമ്മൻ യാത്രയായി.
എന്തെല്ലാം പ്രതികൂലങ്ങൾ വന്നാലും ദൈവ വിശ്വാസത്തിൽ ഉറച്ചു നിന്ന് അതെല്ലാം തരണം ചെയ്ത് വിജയം കൈവരിച്ച ചരിത്രം വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായി അവശേഷിക്കുന്നു. ആരുടേയും പ്രലോഭനങ്ങൾക്കും ഭീഷണിക്കും വഴങ്ങാത്ത ഈ വൈദീകന്റെ ദൃഢനിശ്ചയം അദ്ദേത്തിന്റെ വാക്കുകളിലും പ്രവർത്തിയിലും തെളിഞ്ഞു നിന്നിരുന്നു.
മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരന്റെ അവിവേകം വെറും നിമിഷങ്ങൾ കൊണ്ടാണ് മാമ്മൻ അച്ഛന്റെ ജീവൻ തട്ടിയെടുത്തത്. അച്ചൻ നന്മയുടെ മാർഗത്തിൽ മാത്രം ജീവിച്ചിട്ടും ആ ചെറുപ്പക്കാരന്റെ പാപത്തിനു പകരം ജീവൻ ബലി കൊടുക്കേണ്ടി വന്നു. ക്രിസ്തു പാപികൾക്ക് വേണ്ടി കുരിശിലേറിയ പാഠത്തിന്റെ തനിയാവർത്തനം. 2019 ലെ ദുഃഖവെള്ളി, ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിലെ (ന്യൂ യോർക്ക്) അംഗങ്ങൾക്ക് മാത്രമല്ല ലോകമാകെയുള്ള അച്ചനെ അറിയുന്ന വിശ്വാസികൾക്ക് അക്ഷരാർത്ഥത്തിൽ ദുഃഖവെള്ളി തന്നെയായിരുന്നു. വർത്തയറിഞ്ഞു ഞെട്ടിത്തരിച്ച സമൂഹം പരസ്പരം ഫോൺവിളികളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഈ ദുഃഖവാർത്ത പങ്കുവച്ചു.
ഏപ്രിൽ 19 , വെള്ളിയാഴ്ച വെളുപ്പിനെ 4 മണിക്ക് വന്ന ഒരു ഫോൺകാൾ ആണ് ഈ ഷോക്കിങ് ന്യൂസ് ലേഖകനെ അറിയിച്ചത്. ഓ .. അത് വെറും തെറ്റായ വർത്തയായിരിക്കും എന്ന് പറഞ്ഞു സമാധാനിച്ചു വീണ്ടും ഉറങ്ങാൻ കിടന്നു. പക്ഷെ ഉറങ്ങാൻ സാധിച്ചില്ല. ഏതാനും മണിക്കൂറുകൾ മുൻപ് പെസഹാ വ്യാഴാച്ച വൈകിട്ട് പള്ളിയിൽ വച്ച് അച്ചൻ നടത്തിയ ഗംഭീരമായ പ്രസംഗത്തെക്കുറിച്ചു ലേഖകന്റെ ഭാര്യ ബിന്ദു, പള്ളിയിൽ നിന്നും തിരികെ എത്തിയ ഉടനെ വാ തോരാതെ സംസാരിച്ചത് ഓർത്തു. പാപം വിട്ടൊഴിഞ്ഞു മനസാന്തരപ്പെടാൻ അച്ചൻ ജനങ്ങളെ ഒരു താക്കീതെന്നവണ്ണം ശക്തമായ ഭാഷയിൽ ഉദ്ബോധിപ്പിച്ചു.
മയക്കുമരുന്നിനടിമയായ ലോങ്ങ് ഐലൻഡ് സ്വദേശി ക്രിസ്റ്റഫർ ഗോമസ് അൽമെൻഡറാസ്, സതേൺസ്റ്റേറ്റ് പാർക്ക് വേയിൽ വച്ച് അച്ചന്റെ ട്രക്കിന്റെ പിന്നിൽ വന്ന് ഇടിച്ചു കയറ്റുകയും അച്ചൻ ഓടിച്ചിരുന്ന 2019 ലെ GMC ട്രക്ക് നീയത്രണം വിട്ട് ഹൈവേയുടെ അരികിലേക്ക് തെന്നി മാറി മരത്തിൽ ഇടിക്കുകയുമായിരുന്നു. ഉടൻ പാഞ്ഞെത്തിയ പോലീസും എമെർജൻസി വിഭാഗവും അച്ചനെ അടുത്തുള്ള സെയിന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏപ്രിൽ 26 വെള്ളിയാഴ്ച 4 മണി മുതൽ ഒൻപതു മണി വരെയും ശനിയാഴ്ച രാവിലെ 8 .30 മണി മുതൽ 11 മണി വരെയും ലോങ്ങ് ഐലൻഡ് മാർ തോമ്മാ പള്ളിയിൽ വച്ച് വ്യൂയിങ് ഉണ്ടായിരിക്കും. 2350 മെറിക്ക് അവന്യൂ, മെറിക്ക്, ന്യൂ യോർക്ക്.
കേരളത്തിൽ കൊല്ലം ജില്ലയിൽ പത്തനാപുരത്ത്, പിറവന്തൂർ വില്ലേജിൽ തിരുവാതിലിൽ ചൂരത്തലയ്ക്കൽ ഗീവർഗീസ് ചാക്കോയുടെയും തങ്കമ്മ ചാക്കോയുടെയും 9 മക്കളിൽ അഞ്ചാമനായ മാമ്മൻ, തികഞ്ഞ അച്ചടക്കത്തിന്റെയും ആത്മ നിഷ്ഠയുടെയും ഫലമായി ആർജ്ജിച്ച വെളിപാടിൽ നിന്നുമാണ് മാമ്മൻ ചാക്കോ റെവറന്റ് മാമ്മൻ ചാക്കോ ആയ കഥ ആരംഭിക്കുന്നത്.
സെയിന്റ് സ്റ്റീഫൻ സ്കൂളിൽ നിന്നും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി, കോട്ടയം മാർത്തോമ്മാ സെമിനാരിയിൽ നിന്നും BD യും പാസ്സായ ശേഷം 1979 ൽ വൈദീകനായി അഭിഷേകം ചെയ്യപ്പെട്ടു.
16 ഓളം പള്ളികളിൽ വികാരിയായി സേവനം അനുഷ്ടിച്ചു. കേരളത്തിലും കൂടാതെ മദ്രാസ്, ബാംഗ്ലൂർ, മധ്യ പൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി ഒരു കൺവെൻഷൻ പ്രസംഗികനായി വളരെ പെട്ടെന്ന് അച്ചൻ പ്രസിദ്ധനായി. മുഴങ്ങുന്ന ശബ്ദവും വാക് ചാതുരിയും, തികഞ്ഞ വേദ പരിജ്ഞാനവുംഅച്ചനെ വിശ്വാസികൾക്കിടയിലും ഇതര സമൂഹങ്ങളിലും ആരാധ്യനും സ്വീകാര്യനുമാക്കി.
മാർത്തോമാ സന്നദ്ധ സുവിശേഷ സംഘത്തിന്റെ ജനറൽ സെക്രട്ടറി, ഡയറക്ടർ ഓഫ് മാത്യൂസ് മാർ അത്താനോസ്യോസ് മെമ്മോറിയൽ ഗോസ്പൽ സംഘം, തുടങ്ങി നിരവധി ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ അച്ചൻ പദവികൾ അലങ്കരിച്ചു.
2004 ൽ അമേരിക്കയിലേക്ക് കുടിയേറിയ അച്ചൻ റിട്ടയർ മെന്റിനു ശേഷം, ലോങ്ങ് ഐലൻഡ് മാർതോമ്മാ പള്ളിയിലെ അംഗമായി പതിവായി പള്ളിയിൽ വരുമായിരുന്നു. അച്ചന്റെ പ്രസംഗം കേൾക്കാൻ കൊതിച്ചിരുന്ന വിശ്വാസികൾക്ക് ഇടയ്ക്കൊക്കെ ആ കരിസ്മാറ്റിക് വചനഘോഷണം ശ്രവിക്കാൻ ഭാഗ്യമുണ്ടായി. ഈ ലോകത്തോട് വിട പറയുന്നതിന് രണ്ടു മണിക്കൂർ മുൻപും ആ ഭാഗ്യം സിദ്ധിച്ചവർ അനേകർ.
സാങ്കേതിക മുന്നേറ്റം കൊണ്ട് മാറി വന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളും വളരെ പ്രായോഗികമായി ഉപയോഗിച്ച് വചന പ്രഘോഷണം നടത്താൻ അച്ചന് കഴിഞ്ഞു. മാത്രമല്ല അത് വഴി, ലോകത്തു പലയിടങ്ങളിൽ നിന്നും നിരവധി ആളുകളുമായി നല്ല ആത്മ ബന്ധമുണ്ടാക്കാനും അത് അവർക്കും കുടുംബത്തിനും ആശ്വാസവും വെളിച്ചവും നൽകാനും ഉപകരിച്ചു.
തന്റെ ജീവിത ദൈത്യം പൂർത്തിയാക്കി പിൻവാങ്ങുമ്പോൾ തേങ്ങുന്ന ഹൃദയത്തോടെയാണെങ്കിലും അച്ചന്റെ ആത്മാവ് സ്വർഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ എത്തി എന്ന പൂർണ വിശ്വാസത്തിലാണ് ഭാര്യ വിൽസി മാമ്മനും മക്കളും, സഹോദരങ്ങളും.
കേരളത്തിൽ, കൊല്ലത്ത് മണ്ണൂർ സ്വദേശിയാണ് ഭാര്യ വിൽസി മാമ്മൻ. മക്കൾ: മെൽവിൻ മാമ്മൻ (മകൻ – ന്യൂ യോർക്ക് സിറ്റി പോലീസ് ഓഫിസർ), സാനി ജോസഫ് (ന്യൂ യോർക്ക്) ഷെറിൻ ജോമി(ബോംബെ ).
മരുമക്കൾ: കരുണ മെൽവിൻ, ജോയൽ ജോസഫ്, റെവറന്റ് ജോമി മാത്യൂസ് തോമസ്. കൊച്ചുമക്കൾ: ഐമീ ആൻ ജോമി, ആരോൺ മാത്യൂസ്, ഇസൈഹാ ജോസഫ്.
കൂടുതൽ വിവരങ്ങൾ പള്ളിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.
ലോങ്ങ് ഐലൻഡ് മാർ തോമ ചർച് ഡോട്ട് ഓർഗ്.
സിബി ഡേവിഡ്, ന്യൂ യോർക്ക്