മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു.

യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ പോളിംഗ് ഏജന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധർമ്മടത്തെ കള്ളവോട്ടില്‍ ജില്ലാ കളക്ടർ പരിശോധന നടത്തിയത്.

0

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ധർമ്മടത്തെ വേങ്ങാട് പഞ്ചായത്തിൽ 52-ാം ബൂത്തിലാണ് സായൂജ് കള്ളവോട്ട് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 171 സി ഡി എഫ് പ്രകാരമാണ് സായൂജിനെതിരെ ക്രിമിനൽ കേസെടുത്തത്.

യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ പോളിംഗ് ഏജന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ധർമ്മടത്തെ കള്ളവോട്ടില്‍ ജില്ലാ കളക്ടർ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയിൽ ബൂത്ത് നമ്പർ 47ലെ വോട്ടർ ആയ സയൂജ് 52 ൽ വോട്ട് ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇയാൾ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫി കെ. പിയുടെ പങ്ക് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഇവിടത്തെ ഉദ്യോഗസ്ഥർ, പോളിംഗ് ഏജന്റുമാർ എന്നിവരുടെ പങ്കും അന്വേഷിക്കും. അതിനിടെ 199 പേർക്കെതിരെ കോണ്‍ഗ്രസ് നൽകിയ കള്ളവോട്ട് പരാതിയിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ ഉറ്റബന്ധു അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചു തുടങ്ങി.

പാമ്പുരുത്തിയിലും ധർമ്മടത്തുമായി 13 കള്ളവോട്ട് കൂടി നടന്നെന്നാണ് കഴിഞ്ഞ ദിവസം പുതിയ സ്ഥിരീകരണം വന്നത്. കുറ്റക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കേസ് എടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിർദേശം നല്‍കിയിരുന്നു. കണ്ണൂർ പാമ്പുരുത്തിയിൽ ഒമ്പത് ലീഗുകാര്‍ക്കും ധര്‍മ്മടത്ത് ഒരു സിപിഎം പ്രവര്‍ത്തകനും ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് പുതിയതായി കേസ്. ഇതോടെ കള്ള വോട്ടിൽ 17 പേർക്കെതിരെ കേസ് ആകും.

പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌സർവർ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടർ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 അനുസരിച്ച് ഇവർക്കെതിരെയും ക്രിമനൽ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ അവരുടെ വകുപ്പുകൾ അച്ചടക്ക നടപടിയെടുക്കാനും ശുപാർശ ചെയ്യും.

എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാർത്ഥി കെ. സുധാകരന്റേയും പോളിംഗ് ഏജന്റുമാരാണ് ചീഫ് ഇലക്ടറൽ ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ കളക്ടർ അന്വേഷണം നടത്തി ചീഫ് ഇലക്ട്രൽ ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി.

You might also like

-