അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ട്രെയിൻ വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

0

മലപ്പുറം :ഇതരസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ട്രെയിൻ ഉണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് ശരീഫ് തുവക്കുന്നാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.ഇതര സംസ്ഥാന തൊഴിലാളികൾ തൊഴിലോ കൂലിയോ ഇല്ലാതെ വൈറസ് ഭീതിയിൽ കഴിയുന്നതിനിടെയാണ് നിലമ്പൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രത്യേക ട്രെയിൻ ഓടുമെന്ന വ്യാജ ഓഡിയോ സന്ദേശം പ്രചരിച്ചത്.
എടവണ്ണയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു തുവക്കാട് സ്വദേശി സാക്കീറിന്റെ വ്യാജ പ്രചാരണം. പ്രചാരണം വിശ്വസിച്ച തൊഴിലാളികൾ യോഗം ചേർന്ന് നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുക്കവും തുടങ്ങി. ഇതോടെ സന്ദേശം അയച്ച യൂത്ത് കോൺഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി ആയിരുന്ന അലി സാക്കീറിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. അലി സാക്കീറിനെ സന്ദേശം അയക്കാൻ പ്രേരിപ്പിച്ച എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന ശരീഫ് തുവക്കുന്നിനെയാണ് എടവണ്ണ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശരീഫ് സ്വയം കുറ്റകൃത്യം ചെയ്യാതെ അലി സാക്കിറിനെ കൊണ്ട് ചെയ്യിപ്പിക്കുന്ന കുബുദ്ധിയാണ് പ്രയോഗിച്ചെതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You might also like

-