വരൻ ആണല്ല, പെണ്ണ് ;പെൺകുട്ടിയെ കബളിപ്പിച്ചു: പൊലീസ് അന്വേഷണം തുടങ്ങി

ആൾമാറാട്ടം നടത്തി എങ്ങിനെ ടെക്നോപാർക്കിൽ കയറിപ്പറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്.

0

തിരുവനന്തപുരം: നിർധനയായ ദളിത് യുവതിയെ പുരുഷ വേഷത്തിലെത്തി വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് പുരുഷ വേഷത്തിലെത്തിയ യുവതി കബളിപ്പിച്ചത്.

സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു കബളിപ്പിക്കൽ. ടെക്നോപാർക്കിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടി ശ്രീറാമെന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്. കരുനാഗപ്പള്ളി സ്വദേശിയെന്ന നിലയിലാണ് പരിചയപ്പെട്ടത്. 7 വർഷത്തോളം ബന്ധം നീണ്ടു. ഇടക്ക് ശ്രീറാം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചു പോയിട്ടും പെണ്‍കുട്ടിയുമായുള്ള ബന്ധം തുടർന്നു.

ശ്രീറാം വിരിച്ച വലയിൽ കുരുങ്ങി പെൺകുട്ടിയുടെ വീട്ടുകാർ വിവഹത്തിന് സമ്മതിച്ചു. വിവാഹത്തിന് ബന്ധുക്കളില്ലാതെ യുവാവ് ഒറ്റക്കെത്തിയതാണ് സംശയത്തിനിടയാക്കിയത്. പക്ഷെ മാർച്ച് 31ന് വിവാഹം നടന്നു. പിന്നാലെ ഒരു ലോഡ്ജിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി. സംശയമുള്ള വീട്ടുകാർ സ്വർണാഭരണങ്ങള്‍ നേരത്തെ വാങ്ങിയിരുന്നു.

ആദ്യ രാത്രിയിലാണ് തൻറെ ഭർത്താവ് പെണ്ണാണെന്ന വിവരം പെണ്‍കുട്ടി അറിഞ്ഞത്. അന്ന് രാത്രി തന്നെ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. പക്ഷേ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. നാട്ടുകാർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യന്വേഷണം തുടങ്ങി. ആൾമാറാട്ടം നടത്തി എങ്ങിനെ ടെക്നോപാർക്കിൽ കയറിപ്പറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്.

മറ്റെതെങ്കിലും പെണ്‍കുട്ടികളെ സാമ്പത്തികമായി തട്ടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ ബന്ധുക്കളോ പൊലീസോ പ്രതികരിക്കാൻ തയ്യാറാല്ല. ടെക്നോപാർക്ക് അധികാരികളും ആൾമാറാട്ടത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം തുടങ്ങി

You might also like

-