“സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്” വ്യാജ അഭിഭാഷക സെസി സേവ്യർ ഹൈക്കോടതിയിൽ
"പാവപ്പെട്ട കുുടംബത്തിലെ അംഗമാണെന്നും ജാമ്യം അനുവദിക്കണമെന്നും സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്. പിന്നീടാണ് വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
കൊച്ചി: വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിയമപഠനം പൂർത്തിയാക്കാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്‌തെന്നും ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചെന്നും ആരോപിച്ചുള്ള പരാതിയിലാണ് രാമങ്കരി സ്വദേശിയായ സെസി ജാമ്യാപേക്ഷ തേടിയത്.”പാവപ്പെട്ട കുുടംബത്തിലെ അംഗമാണെന്നും ജാമ്യം അനുവദിക്കണമെന്നും സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്. പിന്നീടാണ് വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബാർ അസോസിയേഷനിൽ അംഗമല്ലാതിരുന്നിട്ടും നാമനിർദ്ദേശ പത്രിക സ്വീകരിച്ചുവെന്നും ഹർജിയിൽ സെസി സേവ്യർ പറയുന്നു.
നേരത്തെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സെസി സേവ്യർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജാമ്യം കിട്ടില്ലെന്നറിഞ്ഞതോടെ മുങ്ങുകയായിരുന്നു. തന്റെ ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെസി അന്ന് കോടതിയിലെത്തിയത്.ജൂലൈ 15ന് സെസിയുടെ പഠന യോഗ്യത അറിയിച്ചുകൊണ്ടുള്ള ഊമക്കത്ത് ലഭിച്ചതിനെ തുടർന്നായിരുന്നു ബാർ കൗൺസിൽ അന്വേഷണം ആരംഭിച്ചത്. സെസിയോട് സംഭവത്തിൽ 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. തുടർന്ന് അസോസിയേഷനിൽ നിന്നും പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.