നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിപ്പ്

നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടറിന്‍റെ പേരിലാണ് സംഘം മുറിയെടുത്തത്. ഇവരിൽ നിന്നും രണ്ട് തോക്കുകളും എട്ട് വെടിയുണ്ടകളും പതിനൊന്ന് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തിയിട്ടുണ്ട്

0

മംഗളൂരു: മലയാളികൾ ഉൾപ്പെട്ട വ്യാജ അന്വേഷണ സംഘത്തെ മംഗളുരുവിൽ പിടികൂടി. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നപേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. മലപ്പുറം കാവനാട് സ്വദേശി സാം പീറ്ററാണ് എട്ടംഘ സംഘത്തിന്‍റെ തലവൻ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മംഗളൂരു പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.

സംഘത്തലവൻ സാംപീറ്റിനെ കൂടാതെ ബംഗളൂരു സ്വദേശികളായ കോടന്ദരാമു, മദൻ കുമാർ, സുനിൽ രാജു, ചിന്നപ്പ, മംഗളൂരു സ്വദേശികളായ മോഹിനുദ്ധീൻ, ലത്തീഫ്, മടിക്കേരി സ്വദേശി ബോപ്പണ്ണ എന്നിവരാണ് പിടിയിലായത്. നമ്പറില്ലാത്ത കാറിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ എന്നും ഗവൺമെന്‍റ് ഓഫ് ഇന്ത്യ എന്നും ബോർഡ് വച്ചായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ ഹോട്ടലിൽ രണ്ടു ദിവസമായി ഇവർ താമസിച്ച് വരികയായിരുന്നു.

നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടറിന്‍റെ പേരിലാണ് സംഘം മുറിയെടുത്തത്. ഇവരിൽ നിന്നും രണ്ട് തോക്കുകളും എട്ട് വെടിയുണ്ടകളും പതിനൊന്ന് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തിയിട്ടുണ്ട്. ഐഡികാർഡും വെബ് സൈറ്റും ഉപയോഗിച്ചാണ് സംഘത്തിന്‍റെ പ്രവർത്തനം. ബംഗളൂരുവാണ് ആസ്ഥാനം. സാമ്പത്തിക തട്ടിപ്പുകളും ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് അന്വേഷണ സംഘമെന്ന വ്യാജേന ഇവർ ചെയ്തിരുന്നത്. സംഘം ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

You might also like

-