ചികിത്സയ്ക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും

കോട്ടയം മലയ കോട്ടേജില്‍ എന്‍ ഐ നൈനാനെ(65) ആണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനീഷ് കുമാര്‍ പി വി ശിക്ഷിച്ചത്

0

തൊടുപുഴ: നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജില്‍ എന്‍ ഐ നൈനാനെ(65) ആണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനീഷ് കുമാര്‍ പി വി ശിക്ഷിച്ചത്. നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ 1999 മാര്‍ച്ച് 20 മുതല്‍ പ്രതി നൈനാന്‍ ജോലിയില്‍ പ്രവേശിച്ച് ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ചീഫ് ഫിസിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഇക്കാലളവില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കപ്പെട്ട ഡോ. ജോസ് കുര്യന്‍ ആണ് മരിച്ചത്. ഇദ്ദേഹം സമീപത്തെ മറ്റൊരു ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഡോക്ടറുടെ രോഗാവസ്ഥ അറിയാന്‍ അവിടെ എത്തിയ സുഹൃത്തുക്കളായ മറ്റ് ഡോക്ടര്‍മാരാണ് വ്യാജനെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നെടുങ്കണ്ടം സി ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി രോഗികളെ ചികിത്സിക്കുവാന്‍ മതിയായ യോഗ്യതകളൊന്നും ഇല്ലാത്ത ആളാണെന്ന് തെളിഞ്ഞത്. ഐ പി സി 304 പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ 5 മാസം അധിക തടവും, ഐ പി സി 419, 455 എന്നീ വകുപ്പുകള്‍ പ്രകാരം മൂന്നും രണ്ടും വര്‍ഷം വീതം തടവും വിധിച്ചുകൊണ്ടാണ് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവായത്.

You might also like

-