തീവ്ര ന്യൂനമർദം കേരളത്തിൽ ഇടിമിന്നലാട് കൂടിയ ശക്തമായ മഴ
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കൊച്ചി | തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെയോടെ തമിഴ്നാടിൻ്റെ വടക്കൻ തീരത്ത് എത്തുന്ന തീവ്ര ന്യൂനമർദ്ദം വൈകുന്നേരത്തോടെ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയിൽ പുതുച്ചേരിക്ക് വടക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കരയിൽ പ്രവേശിക്കുമ്പോൾ കാറ്റിന് 40 മുതൽ 55 കിമി വരെ വേഗതയുണ്ടാകും. പരമാവധി വേഗം 65 കിമി വരെയാകാമെന്നും പ്രവചിക്കപ്പെടുന്നു. തീരദേശ തമിഴ്നാട് ആന്ധ്രാ തീരങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കേരളത്തിൽ വ്യാപകമായി ഇടിമിന്നലാട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. ശനിയാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ തെക്കൻ അന്തമാൻ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
അതേസമയം സംസ്ഥാനത്തു കനത്തമഴ തുടരുകയാണ് എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി . ബൈപ്പാസ് റോഡും തകർന്നു.പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു.ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു. രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. 5 മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്ക് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്.
4 മണിയോടെ അഗ്ന രക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിൽ ആണിപ്പോൾ.
ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ പത്തനംതിട്ട കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ൦രിടത്തും ആളപായമില്ല