“ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണുള്ളത് , അവ പാലിക്കാൻ കഴിയുന്നവർ പോയാൽ മതി ഷർട്ട് ഉരൽ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ കെ ബി ഗണേഷ് കുമാർ

മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് താൻ മറുപടി നൽകുന്നില്ലെന്ന് പറഞ്ഞായിരുന്നു കെ ബി ഗണേഷ് കുമാർ പ്രതികരിച്ചത്.‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അത് നിശ്ചയിക്കുന്നത് തന്ത്രിമാരാണ്

കോഴിക്കോട്| ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണുള്ളതെന്നും അതിൽ മാറ്റം വരുത്തണമോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി എന്നും ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് താൻ മറുപടി നൽകുന്നില്ലെന്ന് പറഞ്ഞായിരുന്നു കെ ബി ഗണേഷ് കുമാർ പ്രതികരിച്ചത്.‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അത് നിശ്ചയിക്കുന്നത് തന്ത്രിമാരാണ്. ഭരണാധികാരികൾക്ക് മാറ്റം ആവശ്യമുണ്ടെങ്കിൽ തന്ത്രിയുമായി സംസാരിച്ച്, ദേവപ്രശ്നം മറ്റോ വെച്ച് നോക്കാം.

ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ ഇട്ട് പ്രവേശിക്കേണ്ട കാര്യം വന്നപ്പോൾ ദേവപ്രശ്നം വെച്ചാണ് പ്രശ്നം പരിഹരിച്ചത്. ഓരോ ക്ഷേത്രത്തെയും ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് പോകാൻ പറ്റുന്നവർ അവിടേക്ക് പോയാൽ മതി. ഓരോ മതങ്ങൾക്കും സമുദായങ്ങൾക്കും ഓരോ ആചാരങ്ങളുണ്ട്. അത് പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് താൻ മറുപടി പറയുന്നില്ല’- ഗണേഷ് കുമാർ പറഞ്ഞു.നേരത്തെ ശിവഗിരി സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച സച്ചിദാനന്ദ സ്വാമിയുടെ നിലപാടിനെ പിണറായി വിജയൻ പിന്തുണച്ചത്. ആരാധനാലങ്ങളിൽ മേൽവസ്ത്രം അഴിക്കണമെന്ന നിബന്ധനയുണ്ട്. ഇതിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാണ് ഇതെന്നും കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

You might also like

-