തുമ്പില്ലാതെ പോലീസ്? ആക്രമണം നടന്ന് നാലുദിവസങ്ങൾ പിന്നിടുമ്പോഴും എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിക്കായി ഇരുട്ടിൽ തപ്പി പോലീസ്

എകെജി സെന്‍റര്‍ പരിസരത്തെ മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില കമ്പനികൾ ഒഴികെ മറ്റുള്ള മൊബൈൽ ഫോൺ സേവനദാതാക്കൾ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകിയിട്ടുണ്ട്

0

തിരുവനന്തപുരം| ആക്രമണം നടന്നു നാലുദിവസങ്ങൾ പിന്നിടുമ്പോഴും എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പോലീസ് സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാൾക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകൾ നൽകാൻ കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. എകെജി സെന്‍റര്‍ പരിസരത്തെ മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില കമ്പനികൾ ഒഴികെ മറ്റുള്ള മൊബൈൽ ഫോൺ സേവനദാതാക്കൾ ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകിയിട്ടുണ്ട്.

എകെജി സെന്‍ററിന് മുന്നില്‍ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കോട്ടയം ഡിസിസി ഓഫിസിന് ആക്രമണം നടന്നത്. നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിന്‍റെ കണ്‍മുന്നില്‍ വച്ചാണ് ഡിസിസി ഓഫിസിനു നേരെ കല്ലും തീപ്പന്തവും എറിഞ്ഞത്. സംഘത്തിലുണ്ടായിരുന്നവരെയെല്ലാം പൊലീസ് തിരിച്ചറിയുകയും ഇവര്‍ക്കെതിരെ സ്വകാര്യമുതല്‍ നശീകരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുളളവരെ മര്‍ദിച്ച കേസില്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടവര്‍ തന്നെയാണ് ഡിസിസി ഓഫിസ് ആക്രമിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

ഡിസിസി ഓഫിസിലേക്ക് തീപ്പന്തമെറിഞ്ഞത് കുമരകത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ എന്ന അമ്പിളിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതേ അമ്പിളി നേരത്തെ മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോള്‍ പൊലീസ് സ്റ്റേഷനുളളില്‍ എസ്ഐയുടെ തൊപ്പി വെച്ച് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചതും വിവാദത്തിലായിരുന്നു. എന്നാല്‍ പ്രതികള്‍ നിരീക്ഷണത്തിലുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസിന്‍റെ വിശദീകരണം. കല്ലേറില്‍ ഡിസിസി ഓഫിസിനുണ്ടായ നഷ്ടത്തിന്‍റെ കണക്കെടുപ്പ് പൂര്‍ത്തിയായാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറയുന്നു. നഷ്ടക്കണക്ക് വ്യക്തമാകാതെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയാല്‍ വേഗം ജാമ്യം കിട്ടുമെന്നാണ് പൊലീസ് ഭാഷ്യം.

You might also like

-