ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍!!!

ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു.

0

ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ക്രിക്കറ്റിന്‍റെ മക്കയില്‍ ലോക ചാമ്പ്യന്മാര്‍ എന്ന കിരീടം ചൂടി ഇംഗ്ലീഷ് വീരന്മാര്‍ പറന്നുയര്‍ന്നത് ആവേശത്തോടെയായിരുന്നു.

ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് എങ്ങനെ കീവി ബാറ്റ്സ്മാന്മാരെ പൂട്ടിയോ, അതുപോലെ തന്നെ ന്യൂസിലാന്‍റ് ബൌളര്‍മാര്‍ ഇംഗ്ലീഷ് പടയെയും വിരിഞ്ഞുകെട്ടി. 86 റണ്‍സില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുന്ന ഇംഗ്ലണ്ടിനെ ജോസ് ബട്ട്ലറും ബെന്‍ സ്റ്റോക്സും ചേര്‍ന്നാണ് കര കയറ്റിയത്. ഇരുവരും അര്‍ദ്ദ സെഞ്ച്വറികള്‍ നേടി. തുടക്കത്തില്‍ ഭാഗ്യത്തിന്‍റെ കൂടി സഹായത്താല്‍ ബെയര്‍സ്റ്റോ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഫെര്‍ഗൂസന്‍ വിലങ്ങുതടിയാവുകയായിരുന്നു. നീഷാമിന്‍റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗനെ പുറത്താക്കാനായി ഫെര്‍ഗൂസനെടുന്ന ക്യാച്ച് വളരെ മികച്ചതായിരുന്നു. അവസാന ഓവര്‍ വരെ പിടിച്ചുനിന്ന്. അവസാന ഓവറില്‍ വേണ്ടത് 15 റണ്‍സ്. ബെന്‍ സ്റ്റോക്സ് ക്രീസില്‍. ബൌള്‍ട് അവസാന ഓവറെറിയാനെത്തുന്നു. അവസാനം ഭാഗ്യവും നിര്‍ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ടൈ. ഇനി മത്സരം സൂപ്പര്‍ ഓവറിലേക്ക്.

ഇംഗ്ലണ്ട് ആദ്യമായി ബാറ്റ് ചെയ്യാനെത്തുന്നു. ജോസ് ബട്ലറും ബെന്‍ സ്റ്റോക്സും ക്രീസില്‍. ബൌള്‍ട് തന്നെയാണ് പന്തെറിയുന്നത്. ഇംഗ്ലണ്ട് 15 റണ്‍സ് അടിച്ചെടുത്തു. ജോഫ്രാ ആര്‍ച്ചറാണ് ന്യൂസിലാന്‍റിനെതിരെ ബൌള്‍ ചെയ്യാനെത്തിയത്. ആവേശരകമായ അവസാന സൂപ്പര്‍ ഓവര്‍. ജിമ്മി നീഷമും മാര്‍ടിന്‍ ഗപ്ടിലും ക്രീസില്‍. ന്യൂസിലാന്‍റും 15 റണ്‍സ് എടുത്തു. പക്ഷെ, ഏറ്റവും കൂടുതല്‍ ബൌണ്ടറികള്‍ നേടിയ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍. ലോക്കി ഫെര്‍ഗുസന്‍, നീഷാം എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്രാന്‍റ്ഹോം, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മികച്ച ബൌളിങ്ങാണ് ഇംഗ്ലണ്ട് ഫൈനലില്‍ കാഴ്ച വച്ചത്. ആദ്യം തന്നെ ഗപ്ടിലിനെ പുറത്താക്കിയും മികച്ച എക്കോണമി നിലനിര്‍ത്തിയും മുന്‍നിര ബൌളര്‍മാരെല്ലാം കീവികളെ കുടുക്കുകയായിരുന്നു. ഒരു പരിധി വരെ കാര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് തോന്നിച്ച നേരത്തായിരുന്നു മോര്‍ഗന്‍ തന്‍റെ കയ്യിലെ വജ്രായുധം കീവികള്‍ക്ക് നേരെ പരീക്ഷിച്ചത്. ലിയാം പ്ലംകെറ്റ്. അര്‍ദ്ദ സെഞ്ച്വറി നേടിയ നിക്കോള്‍സിനെയും നായകന്‍ കെയിന്‍ വില്യംസണിനെയും പുറത്താക്കി പ്ലംകെറ്റ് ദൌത്യം മനോഹരമായി നിര്‍വഹിച്ചു. അപകടകാരിയാവാന്‍ സാധ്യതയുള്ള ജിമ്മി നീഷാമിനെയും പുറത്താക്കി 10 ഓവറില്‍ 43 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് പ്ലംകെറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ താരമായി.

വില്യംസണും(30) നിക്കോള്‍സും(55) അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ ടോം ലാതമും(47) മാത്രമാണ് ന്യൂസിലാന്‍റ് നിരയില്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്. മറ്റാര്‍ക്കും പോരാട്ടം നടത്താനുള്ള സമയം പോലും ഇംഗ്ലീഷ് ബൌളര്‍മാര്‍ കൊടുത്തില്ല. പ്ലംകെറ്റിനെ കൂടാതെ ക്രിസ് വോക്സ് മൂന്നും മാര്‍ക്ക് വുഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

You might also like

-