സമരപ്പന്തൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം

ആലപ്പുഴ സ്വദേശിനിയായ എംപാനൽ കണ്ടക്ടർ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവ് മരിച്ചതിനാൽ ജീവിക്കാൻ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്

0

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ സമരം നടത്തി വന്ന പന്തൽ പൊളിച്ചുനീക്കിയതിൽ പ്രതിക്ഷേധിച്ച് ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നിൽ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിനിയായ എംപാനൽ കണ്ടക്ടർ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവ് മരിച്ചതിനാൽ ജീവിക്കാൻ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകൾ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. കൂടെയുള്ള സമരക്കാർ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവതി താഴെ ഇറങ്ങിയില്ല.ഒടുവിൽ പൊലീസും ഫയർഫോഴ്സുമെത്തിയാണ് ദിയയെ താഴെയിറക്കിയത്. അവശനിലയിലായ ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹൈക്കോടതി വിധിയിലൂടെ തീർത്തും അപ്രതീക്ഷിതമായാണ് കെഎസ്ആർടിസിയിലെ നാനൂറോളം വരുന്ന എംപാനൽ ജീവനക്കാർക്ക് ജോലി നഷ്ടമായത്. വർഷങ്ങളായി ജോലി ചെയ്യുന്ന ഇവർക്ക് തീർത്തും അപ്രതീക്ഷിതമായ ഇരുട്ടടിയായിരുന്നു ഹൈക്കോടതി വിധി. ഇതിൽ പ്രതിഷേധിച്ച് എംപാനൽ ജീവനക്കാർ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അടക്കം കണ്ടെങ്കിലും ഹൈക്കോടതി വിധിയായതിനാൽ സർക്കാരിനൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എംപാനൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം തുടങ്ങിയത്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇന്നലെ രാത്രിയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകൾ അർധരാത്രി പൊലീസ് പൊളിച്ചുമാറ്റിയത്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരമായിരുന്നു പൊലീസ് നടപടി. എന്നാൽ സമരപ്പന്തലുകൾ പൊലീസ് പൊളിക്കാനെത്തിയത് സമരക്കാർ ചെറുത്തതോടെ അർധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതർക്കവും പ്രതിഷേധവുമായി.

രാത്രി പതിനൊന്നരയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. സമരപ്പന്തലുകൾ പൊളിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പ്രതിഷേധമായി. സമരക്കാർ പന്തൽ പൊളിക്കുന്നത് ചെറുക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് വാക്കു ത‍ർക്കമായി. സമരപ്പന്തലിൽ നിന്ന് മാറാൻ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പടെയുള്ള സമരപ്പന്തലുകൾ പൊലീസ് ഏറെ പണിപ്പെട്ടാണ് പൊളിച്ചത്.

മേയർ വി കെ പ്രശാന്ത് ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് മുമ്പ് എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സമരപ്പന്തലുകൾ മാറ്റാൻ നടപടിയുണ്ടായത്. എന്നാൽ പിന്നീടങ്ങോട്ട് സമരങ്ങളുടെ സ്ഥിരം വേദിയായി സെക്രട്ടേറിയറ്റ് പരിസരം മാറി. എൻഡോസൾഫാൻ സമരക്കാർ മുതൽ, വർഷങ്ങളായി സമരം നടത്തുന്ന അരിപ്പ ഭൂസമരക്കാർ വരെയുള്ളവരുടെ പ്രതിഷേധവേദിയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത.

You might also like

-