വൻ പരാജയത്തിലേക്ക് യുപിഎ
ഈ സാഹചര്യത്തിൽ ഇനി എന്തു വേണമെന്ന് ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ദില്ലി: സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ സാഹചര്യത്തിൽ ഇനി എന്തു വേണമെന്ന് ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ വരെ പ്രതിപക്ഷ സഖ്യ ചർച്ചകൾ ദില്ലിയിൽ സജീവമായിരുന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കൂടുതൽ രാഷ്ട്രീയപാർട്ടികളെത്തി. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം എന്നീ പാർട്ടികൾ കൂടി ചേർന്നുള്ള പുതിയ സഖ്യത്തിന്‍റെ പേര് സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‍ഡിഎഫ്) എന്നായിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ എൻഡിഎക്ക് കേവലഭൂരിപക്ഷം കിട്ടാതിരുന്നാൽ രാഷ്ട്രപതിയെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാനായിരുന്നു പ്രതിപക്ഷ പദ്ധതി.