ജോയ്സ് ജോര്‍ജിന് തൊടുപുഴയിൽ ഉജ്ജ്വല വരവേല്‍പ്പ്
ഒരവസരം കൂടി ലഭിച്ചാല്‍ 20 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് വീണ്ടും ഏറ്റെടുപ്പിക്കുന്നതിനും ഫണ്ട് അനുവദിപ്പിക്കുന്നതിനും കഴിഞ്ഞത് തന്‍റെ കാലയളവിലാണെന്ന കാര്യം സ്ഥാനാര്‍ത്ഥി ഓര്‍മ്മപ്പെടുത്തി
തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന് തൊടുപുഴ നിയോജക മണ്ഡലത്തിന്‍റെ വിവിധ മേഖലകളില്‍ ഉജ്ജ്വല വരവേല്‍പ്പ് ലഭിച്ചു. പുറപ്പുഴ പഞ്ചായത്തിലെ വഴിത്തലയില്‍ നിന്നാണ് വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ചത്. ടൗണില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ വ്യാപാരികള്‍ ചുമട്ടു തൊഴിലാളികള്‍ തുടങ്ങിയവരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പുറപ്പുഴ, കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളില്‍ വോട്ടര്‍മാരെ കണ്ടു. ആരാധാനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മഠങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ഒരവസരം കൂടി ലഭിച്ചാല്‍ 20 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് വീണ്ടും ഏറ്റെടുപ്പിക്കുന്നതിനും ഫണ്ട് അനുവദിപ്പിക്കുന്നതിനും കഴിഞ്ഞത് തന്‍റെ കാലയളവിലാണെന്ന കാര്യം സ്ഥാനാര്‍ത്ഥി ഓര്‍മ്മപ്പെടുത്തി. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം ഒട്ടേറെപ്പേരാണ് സ്ഥാനാര്‍ത്ഥിയെ കാണാനും സ്വീകരിക്കാനും എത്തിയത്.
എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് ചൊവ്വാഴ്ച തൊടുപുഴയില്‍ പര്യടനം തുടരും. രാവിലെ 8 മുതല്‍ 10 വരെ തൊടുപുഴ ടൗണില്‍ വോട്ടര്‍മാരെ നേരില്‍ കാണും. 10.30 മുതല്‍ ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ വോട്ട് അഭ്യര്‍ത്ഥിക്കും. ഉച്ചയ്ക്ക് ശേഷം കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം, കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലും വൈകിട്ട് തൊടുപുഴ ടൗണിലും വോട്ട് അഭ്യര്‍ത്ഥിക്കും.
കേന്ദ്രത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. തൊടുപുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം രാജ്യത്ത് ശക്തിപ്പെടേണ്ടതിന്‍റെ ആവശ്യകത ദിനംപ്രതി വര്‍ധിച്ചു വരികയാണ്. എല്ലാവിഭാഗം ജനങ്ങള്‍ക്കും സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാന്‍ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്ത് ആരാധനായങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും മതേതര മൂല്യങ്ങള്‍ വെല്ലുവിളി നേരിട്ടപ്പോഴും ഇടതുപക്ഷ എംപിമാര്‍ ഒറ്റക്കെട്ടായി നിന്ന് പോരാടിയകാര്യം ജോയ്സ് ജോര്‍ജ് ഓര്‍മ്മിപ്പിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2013 നവംബര്‍ 13 ന് ഇറങ്ങിയ ഉത്തരവ് അനുസരിച്ചുള്ള നിരോധനങ്ങള്‍ നീങ്ങിക്കിട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് പിണറായി സര്‍ക്കാരാണ്. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതുള്‍പ്പടെ നമ്മുടെ നാടിനോട് പ്രത്യേക താല്‍പ്പര്യവും പരിഗണനയും കാണിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിന് ഏറ്റവും വലിയതെളിവാണ് 5000 കോടിയുടെ പാക്കേജ്. 1408 കോടി ശബരി റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി അനുവദിക്കാനുള്ള സന്നദ്ധത അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്ത് നല്‍കിയത് മറ്റൊരുദാഹരണമാണെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.