ആറാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഹരിയാനയിലും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ വിവിധ മണ്ഡലങ്ങളിലെ റാലികളിലും പങ്കെടുക്കും
ഡൽഹി: ഹിന്ദി ഹൃദയ ഭൂമിയിലെത് അടക്കം 59 മണ്ഡലങ്ങളിലേക്ക് ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ബീഹാര്‍, മധ്യപ്രദേശ്,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 8 വീതം മണ്ഡലങ്ങൾ. കൂടാതെ ഉത്തര്‍പ്രദേശിലെ 14 ഉം ഹരിയാനയിലെ 10 ഉം ഡൽഹിയിലെ 7 ഉം ജാര്‍ഖണ്ഡിലെ 4 ഉം മണ്ഡലങ്ങളിലും ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. ഒപ്പം ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീ പോളിംഗും.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഹരിയാനയിലും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ വിവിധ മണ്ഡലങ്ങളിലെ റാലികളിലും പങ്കെടുക്കും. 1000ത്തോളം സ്ഥാനാർഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 2014ൽ 59 സീറ്റുകളിൽ 44ഉം ബിജെപിക്ക് ഒപ്പമായിരുന്നു. ഗുണ, റോഹ്തക് എന്നീ രണ്ട് സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങി.
മേനകാഗാന്ധി, രാധാമോഹന്‍സിംഗ്, നരേന്ദ്രസിംഗ് തോമര്‍ എന്നിവരാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്ന കേന്ദ്രമന്ത്രിമാര്‍. മുന്‍ മുഖ്യമന്ത്രിമാരായ ഷീല ദീക്ഷിത്, അഖിലേഷ് യാദവ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവർ ലോക്‌സഭയിലേക്ക് മത്സരത്തിനിറങ്ങുന്നു.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗും മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂറും മത്സരിക്കുന്ന ഭോപ്പാലാണ് ആറാം ഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലം