കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി നീട്ടി; കരട് പട്ടിക ഒക്‌ടോബര്‍ ഒന്നിന്, അന്തിമപട്ടിക ജനുവരി നാലിന്

0

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്‌ടോബര്‍ ഒന്നിലേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. അവകാശങ്ങള്‍/എതിര്‍പ്പുകള്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെ സ്വീകരിക്കും. പേര് വിട്ടുപോയിട്ടുണ്ടെങ്കിലോ, തെറ്റുകള്‍ ഉണ്ടെങ്കിലോ പരാതികള്‍ തഹസില്‍ദാര്‍ക്ക് നല്‍കാം. ഡിസംബര്‍ 10ന് മുമ്പ് അവകാശങ്ങള്‍/എതിര്‍പ്പുകള്‍ തീര്‍പ്പാക്കും. അന്തിമ സമ്മതിദായക പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. 2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്‍മാര്‍ക്കും സമ്മതിനായക പട്ടികയില്‍ പേര് ചേര്‍ക്കാനും, പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനുമാണ് പട്ടിക പുതുക്കല്‍ പ്രക്രിയ നടത്തുന്നത്. 33,416 ആണ് നിലവില്‍ കരട് പട്ടികപ്രകാരം 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയ പുതിയ വോട്ടര്‍മാര്‍. 2019 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരുടെ എണ്ണം 32,759 ആണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സമയക്രമം മാറ്റണമെന്ന സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം പുതുക്കിയത്. പട്ടിക പുതുക്കുന്നതിനോടനുബന്ധിച്ച് വിശദീകരിക്കാന്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11.30ന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ചേമ്പറില്‍ അംഗീകൃത ദേശീയ/സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിക്ക്മുമ്പുള്ള കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,52,28,751 ആണ്. പട്ടികപുതുക്കുമ്പോള്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും, മരിച്ചവരെയും മറ്റും നീക്കം ചെയ്യുകയും ചെയ്യുമ്പോള്‍ മാറ്റം വരും. 6451 പേരുടെ പേര് ആവര്‍ത്തനമുള്ളതായി കണ്ടുപിടിച്ചിട്ടുണ്ട്. സ്ഥലം മാറിപ്പോയത് 71,127 പേര്‍ ആണെന്നും കരട് പട്ടികയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസികളെ കൂടുതല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ഇതുപ്രകാരം 10,708 പേരെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാര്‍ ഉള്ളത് കേരളത്തിലാണ്. വോട്ടര്‍പട്ടികയില്‍ കൂടുതല്‍ പ്രവാസികളെയും ഭിന്നശേഷിക്കാരെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും ചേര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരെ ബുദ്ധിമുട്ടിപ്പിക്കാതെ ബി.എല്‍.ഒമാര്‍ തന്നെ വീടുകള്‍തോറും സന്ദര്‍ശിച്ച് അപേക്ഷകള്‍ പൂരിപ്പിച്ച് വാങ്ങാന്‍ നടപടിയുണ്ടാക്കും. 2616 പേരെ നിലവില്‍ കരട് പട്ടികയില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂടുതലായി വോട്ടര്‍പട്ടികയില്‍ കടന്നുവരേണ്ടതുണ്ട്. നിലവില്‍ 18 പേര്‍ മാത്രമാണുള്ളത്. ഇവര്‍ക്കായി താലൂക്ക് ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌ക് ഉണ്ട്. പ്രവാസികളില്‍ പേരില്ലാത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സി.ഇ.ഒ യുടെ ceo.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമായ ഫോറം 6 എ ഉപയോഗിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 24,460 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. വോട്ടര്‍മാരുടെ സൗകര്യാര്‍ഥം പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടാനാണ് ആലോചന. ഇതുസംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. 467 ഓളം പോളിംഗ് സ്‌റ്റേഷനുകള്‍ കൂടി വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് നിലവില്‍ വിലയിരുത്തിയിരിക്കുന്നത്. പോളിംഗ് സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. റാമ്പുകള്‍ നിലവില്‍ 82 ശതമാനം പോളിംഗ് സ്‌റ്റേഷനുകളിലേ ഉള്ളൂ. കുടിവെള്ള സൗകര്യം 87 ശതമാനം പോളിംഗ് സ്‌റ്റേഷനുകളിലാണുള്ളത്. ഫര്‍ണിച്ചറുകള്‍ ആവശ്യത്തിനുള്ളത് 83 ശതമാനം പോളിംഗ് സ്‌റ്റേഷനുകളിലാണ്. കുറവുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

You might also like

-