എലത്തൂര്‍ സീറ്റ് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യാങ്കളി

എം കെ രാഘവന്‍ എം പി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍ സി കെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് എം കെ രാഘവന്‍ വ്യക്തമാക്കി.

0

കോഴിക്കോട്: എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്റെ നാണലിസ്റ്റ് കോൺഗ്രസ് കേരള (എന്‍സികെ)യ്ക്ക് നല്‍കിയതിനെതിരെ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യാങ്കളി. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചക്കിടെയാണ് കയ്യാങ്കളി. ഇതിനെ തുടര്‍ന്ന് എം കെ രാഘവന്‍ എം പി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍ സി കെ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് എം കെ രാഘവന്‍ വ്യക്തമാക്കി.നിലവില്‍ യുഡിഎഫില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ഥികളാണ് എലത്തൂരില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്‌. ഘടക കക്ഷികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള, ഭാരതീയ നാഷണല്‍ ജനതാദള്‍, കെപിസിസി നിര്‍വ്വാഹക സമിതിയംഗം ദിനേശ് മണി എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ വി തോമസ് ചര്‍ച്ച നടത്തുന്നതിനിടെ സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കണം എന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചപ്പോഴാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്.

ദിനേശ് മണിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ എം കെ രാഘവനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഉച്ചക്ക് ശേഷം മൂന്ന് സ്ഥാനാര്‍ഥികളെയും ഡിസിസി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സമവായ യോഗം സംഘര്‍ഷത്തിയതോടെ എലത്തൂരില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്.അതേസമയം എലത്തൂരില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് എന്‍സികെ സ്ഥാനാർഥി സുൽഫിക്കര്‍ മയൂരി. തനിക്കെതിരെ യുഡിഎഫില്‍ നിന്നുയരുന്ന ഭീഷണി കാര്യമാക്കുന്നില്ലെന്നും സുൽഫിക്കര്‍ മയൂരി പറഞ്ഞു. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതിയാകുമ്പോൾ എലത്തൂരിൽ ഒരു യുഡിഎഫ് സ്ഥാനാർത്ഥിയേ ഉണ്ടാകൂ എന്നും അത് താനായിരിക്കുമെന്നുമാണ് സുൽഫിക്കർ മയൂരി പറയുന്നത്.യുഡിഎഫ് കൺവീനറോ, പ്രതിപക്ഷ നേതാവോ, ഉമ്മൻചാണ്ടിയോ പിൻമാറണമെന്ന് ആവശ്യപ്പെട്ടാല്‍ മാത്രമേ പിൻമാറു. ഇല്ലെങ്കിൽ പിൻമാറേണ്ട ആവശ്യമില്ലെന്നുമാണ് സുൽഫിക്കർ മയൂരിയുടെ നിലപാട്. ഇത് പേമെന്റ് സീറ്റാണെന്ന ആരോപണവും എൻസികെ സ്ഥാനാർത്ഥി നിഷേധിക്കുന്നു. പേമെന്റ് സീറ്റായിരുന്നെങ്കിൽ ഇതിനേക്കാൾ വിജയ സാധ്യതയുള്ള സീറ്റ് ചോദിക്കാമായിരുന്നില്ലേ എന്നാണ് മറു ചോദ്യം. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പേമെന്റ് സീറ്റുകളില്ലെന്നും പറയുന്ന സുൽഫിക്കർ മയൂരി അതൊക്കെ സിപിഐ പോലുള്ള രാഷ്ട്രീയ പാർട്ടികളിലാണെന്നും തിരിച്ചടിക്കുന്നു.

മാണി സി കാപ്പിന്റെ പാർട്ടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസിന് നൽകിയ രണ്ടാം സീറ്റാണ് എലത്തൂർ. എന്നാൽ സീറ്റ് വിട്ട് കൊടുത്തതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. മണ്ഡലത്തിലുണ്ടെങ്കിലും ഇത് വരെ യുഡിഎഫിന്റെ ഭാഗമായ കാര്യമായ പ്രചാരണപരിപാടികളൊന്നും സംഘടിപ്പിക്കാനോ പങ്കെടുക്കാനോ സുൽഫിക്കർ മയൂരിക്കായിട്ടില്ല.

You might also like

-