കേന്ദ്രമന്ത്രി വി.മുരളീധരനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു
"തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആയുധങ്ങളും വടികളും കല്ലുമായി ആക്രമിക്കുകയായിരുന്നുവെന്ന്
കൊൽക്കൊത്ത :ബംഗാളില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പശ്ചിം മേദിനിപുര്‍ എസ്.പി ബംഗാള്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. “തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആയുധങ്ങളും വടികളും കല്ലുമായി ആക്രമിക്കുകയായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ സമിതി ബംഗാളിലെത്തി. 16 പേര്‍ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കേന്ദ്രമന്ത്രിമാര്‍ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് മമത നിര്‍ദേശിച്ചു.
പശ്ചിം മേദിനിപുരിലെ പാഞ്ച്കുരിയില്‍ അക്രമത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകനെ കണ്ട് മടങ്ങുന്നതിനിടെയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. കേന്ദ്രമന്ത്രി സഞ്ചരിച്ച വാഹനത്തിന്‍റെയും അകമ്പടി വാഹനത്തിന്‍റെയും ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. വി മുരളീധരന്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്നും പൊലീസ് നിസ്സഹായരായി നില്‍ക്കുകയായിരുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. അക്രമത്തിനിരകളായ ബിജെപി പ്രവര്‍ത്തകരെ കാണാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയുടെ നേതൃത്വത്തിലാണ് വി മുരളീധരന്‍ ഉള്‍പ്പെട്ട സംഘം മേയ് 4ന് ബംഗാളിലെത്തിയത്. മന്ത്രിയുടെ സന്ദര്‍ശനം വെട്ടിച്ചുരുക്കി.
അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മമത ബാനര്‍ജി രണ്ടു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ജനവിധി അംഗീകരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകണമെന്ന് മമത ആവശ്യപ്പെട്ടു. അക്രമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാലംഗ സമിതി രൂപീകരിച്ചത്. സംഘര്‍ഷങ്ങളെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് വൈകുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കടുത്ത അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ട് ഇനിയും വൈകരുതെന്നും സംഘര്‍ഷങ്ങള്‍ തടയാന്‍ അടിയന്തര നടപടിയെടുക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ ചീഫ്സെക്രട്ടറിയോട് നിര്‍ദേശിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.