സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി
രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം.അദ്ധ്യാപകർ, അനദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ ഡിസംബർ 28 മുതൽ കോളേജിലെത്തണം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ജനുവരി നാലിന് തുറക്കാനാണ് അനുമതി നൽകിയത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം.അദ്ധ്യാപകർ, അനദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ ഡിസംബർ 28 മുതൽ കോളേജിലെത്തണം. വിദ്യാർത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും പഠന സമയം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കി ക്ലാസുകളെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനമായിരുന്നു. കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ത്ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. 50 ശതമാനം ഹാജരിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾ പ്രവർത്തിക്കേണ്ടത്. കോളജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മുഴുവൻ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്.