പാതി വില തട്ടിപ്പ് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു
തിരുവനന്തപുരം | പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്. അന്ദുകൃഷ്ണന്റെ കമ്പനിയുടെ
ലീഗൽ അഡ്വൈസറായ കൊച്ചിയിലെ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. തോന്നയ്ക്കൽ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ ലാലി വിൻസെൻ്റ് ഏഴാം പ്രതിയാണ്. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിൻസെൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ വക്കീൽ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ലാലി വിൻസെന്റ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നുമായിരുന്നു ലാലി വിൻസെൻ്റ് പറഞ്ഞത്. അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്റ് ആണെന്ന എൻജിഒ കോൺഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദകുമാറിനെ വാദവും ലാലി തള്ളിയിരുന്നു.
അതേസമയം, പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന. കുറച്ചു ദിവസമായി നടക്കുന്ന പരിശോധനകളുടെ തുടർച്ചയാണ് സോഷ്യൽ ബീയിലെ പരിശോധനയെന്ന് ക്രൈം ബ്രാഞ്ച് എസ്പി സോജൻ പറഞ്ഞു