അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന് ഇഡി
നിയമസഭാ സമിതിയുടെ നോട്ടീസ് നല്‍കിയത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നോട്ടീസിനുള്ള മറുപടി എന്താണെന്ന് കേന്ദ്ര ധനമന്ത്രാലയം തീരുമാനിക്കും
തിരുവനന്തപുരം: ലൈഫ് ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്തിയതിന് നോട്ടീസ് നല്‍കിയ നിയമസഭ സമിതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന് ഇഡി വ്യക്തമാക്കി. നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയാല്‍ കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിയമസഭാ സമിതിയുടെ നോട്ടീസ് നല്‍കിയത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നോട്ടീസിനുള്ള മറുപടി എന്താണെന്ന് കേന്ദ്ര ധനമന്ത്രാലയം തീരുമാനിക്കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെട്ടത് തുടരന്വേഷണത്തിനാണെന്നും ആവശ്യപ്പെടുന്ന രേഖകള്‍ സര്‍ക്കാര്‍ ഇനിയും നല്‍കേണ്ടിവരുമെന്നും ഇഡി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ഇഡി ലൈഫ് പദ്ധതി തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജെയിംസ് മാത്യൂ എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച എത്തിക്സ് കമ്മിറ്റി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം ലഭിച്ചു കഴിഞ്ഞാല്‍ നിയമസഭാ സെക്രട്ടറി അത് വീണ്ടും പരിഗണിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നാണ് നിയമസഭ സമിതി അറിയിച്ചത്