മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി.എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐ.ടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനെക്കൂടി ഇ.ഡി വിളിച്ചവരുത്തുന്നത്.സി.എം.രവീന്ദ്രനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മൊഴി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി.എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി. ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള ഇടപാടകളും നേരത്തെ വിവാദമായിരുന്നു.നിലവിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.
അതേസമയം കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.