കൊലവിളി മുദ്രാവാക്യ കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
ഡിവൈഎഫ്ഐ മൂത്തേടം മേഖലാ സെക്രട്ടറി പി.കെ ഷെഫീഖ്, ഡിവൈഎഫ്ഐ പ്രവർത്തകരായ ഹബീബ് മനയിൽ, ജോഷി തളിപ്പാടം, വെനിസദർ എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: മൂത്തേടത്തെ കൊലവിളി മുദ്രാവാക്യ കേസില്‍ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ മൂത്തേടം മേഖലാ സെക്രട്ടറി പി.കെ ഷെഫീഖ്, ഡിവൈഎഫ്ഐ പ്രവർത്തകരായ ഹബീബ് മനയിൽ, ജോഷി തളിപ്പാടം, വെനിസദർ എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖ് ആണ് മുദ്രാവാക്യം മറ്റുള്ളവർക്ക് വിളിച്ചു കൊടുത്തത്. സംഭവത്തിൽ മൂത്തേടം മേഖലാ പ്രസിഡന്‍റ് കൂടി പിടിയിലാകാനുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എടക്കര പോലീസ് പറഞ്ഞു.
കേസിലുൾപ്പെട്ട ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടപടി എടുക്കാനാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി തീരുമാനം. നേരത്തെ പ്രകടനത്തിന് നേതൃത്വം നൽകിയ മേഖല സെക്രട്ടറി പി കെ ഷെഫീഖിനെ സംഘടനയുടെ മുഴുവൻ ചുമതലകളിൽ നിന്നും നീക്കിയിരുന്നു. മറ്റുള്ളവർക്കെതിരെയും ഉടൻ അച്ചടക്ക നടപടി സ്വീകരിക്കും.
ഈ മാസം 18നാണ് പ്രാദേശിക തർക്കത്തെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി കൊലവിളി മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയത്. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നായിരുന്നു മുദ്രാവാക്യം. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്ത് സംഭവത്തിൽ ഉൾപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തത്.