പതിനഞ്ച് ലക്ഷംകൈമാറി പാലാ സെന്‍റ് തോമസ് കോളേജിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിതിന മോളുടെ കുടുംബത്തിന് സഹായവുമായി ഡിവൈഎഫ്ഐ
പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും അഞ്ച് ലക്ഷം സേവിങ് നിക്ഷേപമായും മായൻ കൈമാറിയത് . കടുത്ത ശ്വാസകോശ രോഗിയായ ബിന്ദു മകളുടെ പ്രസ്ഥാനമേകുന്ന കരുതലിന്‍റെ ആശ്വാസത്തിലാണ്
കോട്ടയം: പാലാ സെന്‍റ് തോമസ് കോളേജിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിതിന മോളുടെ കുടുംബത്തിന് സഹായവുമായി ഡിവൈഎഫ്ഐ നിതിനയുടെ അമ്മയ്ക്ക് ഡിവൈഎഫ്ഐ സ്വരൂപിച്ച പതിനഞ്ച് ലക്ഷം രൂപ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൈമാറി. ഡിവൈഎഫ്ഐയുടെ മേഖലാ ഭാരവാഹിയായിരുന്നു പാലായിലെ കോളേജിൽ ആൺ സുഹൃത്തിനാൽ ദാരുണമായി കൊല്ലപ്പെട്ട നിതിന മോൾ. നിതിനയുടെ മരണത്തോടെ ഒറ്റപ്പെട്ട അമ്മയ്ക്കാണ് ഡിവൈഎഫ്ഐയുടെ സഹായം. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും അഞ്ച് ലക്ഷം സേവിങ് നിക്ഷേപമായും മായൻ കൈമാറിയത് . കടുത്ത ശ്വാസകോശ രോഗിയായ ബിന്ദു മകളുടെ പ്രസ്ഥാനമേകുന്ന കരുതലിന്‍റെ ആശ്വാസത്തിലാണ്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിഷേക് പൊലീസിന് മൊഴി നൽകിയിരുന്നത്. ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് കോളേജ് ക്യാമ്പസില്‍ വെച്ച് കൊലപാതകം നടന്നത്.
അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോർട്ടിലുള്ളത്..
സിപിഎം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും കോടിയേരി നിർവഹിച്ചു. കോട്ടയത്ത് 103 കുടുംബങ്ങൾക്കാണ് സിപിഎം വീട് നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്‍റെ തീരുമാന പ്രകാരമാണിത്. ഒരു ലോക്കൽ കമ്മിറ്റിക്ക് ഒരു വീടെന്ന നിലയിലായിരുന്നു ചുമതല. പാർട്ടി പോഷക സംഘടനകൾ നിർമ്മിക്കുന്ന വീടുകളും ഒരുങ്ങുകയാണ്. കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രളയ ബാധിത പ്രദേശങ്ങളിൽ 30 വീടുകൾ നിർമ്മിച്ച് നൽകാനുള്ള ഒരുക്കത്തിലാണ് പാർട്ടി.