കോവിഡ് ബാധിച്ചു  കുഴഞ്ഞു വീണ  ബി ജെ പി പ്രവർത്തകനെ  ആംബുലൻസിന് കാത്തുനിൽക്കാതെ  സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച്  ഡി വൈ എഫ് ഐ  പ്രവർത്തകർ 

ആംബുലൻസിനായി ഏറെ നേരം കാത്തിരുന്നുവെങ്കിൽ വിഭൂഷിൻ്റെ ആരോഗ്യസ്ഥിതി ഏറെ ഗുരുതരമാവുകയായിരുന്നു

0

പാലക്കാട്:പാലക്കാട് പെരുവെമ്പിൽ വീട്ടിൽ  കുഴഞ്ഞ് വീണ ബി ജെ പി  നേതാവായ  കോവിഡ് രോഗിയെ  ആശുപത്രിയിലെത്തിച്ച് വാർഡ് മെമ്പറും ഡിവൈഎഫ്ഐ പ്രവർത്തകരും. ബിജെപി പ്രവർത്തകനായ വിഭൂഷിനെയാണ് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഇവർ ആംബുലൻസിന് കാത്തു നിൽക്കാതെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിഭൂഷും ഭാര്യ അജനയും. ഇന്നലെ വിഭൂഷ് വീട്ടിൽ കുഴഞ്ഞ് വീണതോടെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. പ്രദേശവാസികളിലൊരാൾ പെരുവെമ്പ് പഞ്ചായത്തിൻ്റെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ചു പറഞ്ഞു.  ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്താൻ അര മണിക്കൂറോളമാകുമെന്നറിയിച്ചു. തുടർന്ന് പഞ്ചായത്തിലെ സ്വകാര്യ ആബുലൻസ് സർവ്വീസ് നടത്തുന്ന ആളെ വിളിച്ചെങ്കിലും രോഗിയേയും കൊണ്ട് നെന്മാറയിലേക്ക് പോയിരുന്നു. ഈ വാഹനം തിരിച്ചെത്താനും ഏറെ സമയം ആകുമെന്ന് ബോധ്യമായതോടെ വാർഡ് മെമ്പർ സുരേഷിൻ്റെ സ്വകാര്യ വാഹനത്തിൽ വിഭൂഷിനെ കൊണ്ടുപോവാൻ തീരുമാനിയ്ക്കുകയായിരുന്നു. സുരേഷിനൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരായ കെ. സന്ദീപ്,  ആർ തേജസ് എന്നിവരും ഒപ്പം ചേർന്നു. തുടർന്ന് സുരേഷിൻ്റെ ഒമ്നി വാനിൽ പി പി ഇ കിറ്റ് ധരിച്ചെത്തിയ സന്ദീപും തേജസും അത്യാസന്ന നിലയിലായ വിഭൂഷിനെ വീട്ടിൽ നിന്നും ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.

ആംബുലൻസിനായി ഏറെ നേരം കാത്തിരുന്നുവെങ്കിൽ വിഭൂഷിൻ്റെ ആരോഗ്യസ്ഥിതി ഏറെ ഗുരുതരമാവുകയായിരുന്നു. പെരുവെമ്പിൽ ഓട്ടോ ഡ്രൈവറായ വിഭൂഷ് സജീവ ബിജെപി പ്രവർത്തകനാണ്. ഭാര്യ അജന കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരുവെമ്പ് അഞ്ചാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. രണ്ടു പേരും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്നലെയാണ് വിഭൂഷന് വലിയ തോതിൽ ക്ഷീണം അനുഭവപ്പെട്ടത്. പിന്നീട് കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിലെത്തിയ്ക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന വിഭൂഷൻ്റെ ആരോഗ്യനില ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റാണ് വാർഡ് മെമ്പർ കൂടിയായ സുരേഷ്. പെരുവെമ്പ് ഈസ്റ്റ് മേഖലാ സെക്രട്ടറിയായ സന്ദീപ് പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഡിവൈഎഫ്ഐ പെരുവെമ്പ് വെസ്റ്റ് മേഖലാ ട്രഷറർ ആയ തേജസ് യുവ കർഷകനാണ്.

 

You might also like

-