സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു
പ്രീതി ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു
ഹൈദരാബാദ്| വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയുമായ ഡോ. പ്രീതി ആണ് മരിച്ചത്. ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആശുപത്രിയിയിൽ വച്ചാണ് പ്രീതി ആത്മഹത്യയ്ക്കു ശ്രമിച്ച്തു പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ.സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡോ.പ്രീതിയുടെ മരണത്തിനു പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നിൽ സംഘടിച്ചെത്തിയവർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കിയാണ് രംഗം ശാന്തമാക്കിയത്.
രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് ആക്ഷേപം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു. പ്രീതിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
റെയിൽവേ പൊലീസിൽ എസ്ഐ ആയ നരേന്ദറിനെ, ബുധനാഴ്ച രാത്രി പ്രീതി ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി പരാതിപ്പെട്ടിരുന്നു. കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഡ്യൂട്ട് സമയത്ത് വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും പ്രീതി പിതാവിനെ അറിയിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം ലോക്കൽ പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രീതി ജീവനൊടുക്കാൻ ശ്രമിച്ചത്.സംഭവം തെലങ്കാനയിൽ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയ് ആരോപിച്ചിരുന്നു.