കേരളത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് ? ആനി രാജയോട് ബിനോയ് വിശ്വം

കാനം രാജേന്ദ്രൻ്റെ കാലം മുതൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജ അത്ര താൽപ്പര്യമുള്ള നേതാവല്ല. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്

തിരുവനന്തപുരം | കേരളത്തെക്കുറിച്ച് മിണ്ടരുതെന്ന് ആനി രാജയോട് സിപിഐ. കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതി. സംസ്ഥാനത്തെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നെന്നാണ് പരാതി. ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാനം രാജേന്ദ്രൻ്റെ കാലം മുതൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജ അത്ര താൽപ്പര്യമുള്ള നേതാവല്ല. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങൾ അതിരു കടന്നെന്ന വിലയിരുത്തൽ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയര്‍ന്നിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന വിവാദങ്ങളിൽ രഞ്ജിത്തിന്‍റെയും മുകേഷിന്‍റെയും രാജി ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുതൽ എജിഡിപി വിവാദത്തിൽ വരെ മുന്നണി ഘടക കക്ഷിയെന്ന നിലയിൽ നിലപാട് മയപ്പെടുത്തിയ ബിനോയ് വിശ്വത്തെ ആനി രാജയടക്കമുള്ള നേതാക്കൾ പരസ്യമായി തള്ളിപ്പറയുന്ന സാഹചര്യം വരെ ഉണ്ടായി. വിവാദ വിഷയങ്ങളിൽ പാര്‍ട്ടിക്കകത്ത് പക്ഷം തിരിഞ്ഞുള്ള ഏറ്റുമുട്ടൽ എന്ന തോന്നൽ ഉണ്ടായതിന് പിന്നാലെയാണ് ബിനോയ് വിശ്വം ആനിരാജയെ തള്ളിപ്പറഞ്ഞത്. ഒരു പടി കൂടി കടന്ന് സംസ്ഥാന വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമാകണം നേതാക്കളെന്നും അതിനപ്പുറമുള്ള പ്രതികരണങ്ങൾ വിലക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഈ മാസം 10, 11 തീയതികളിൽ സിപിഐ സംസ്ഥാന എക്സിക്യൂ്ട്ടീവ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഡി രാജ ഈ യോഗത്തിൽ പങ്കെടുക്കും.

You might also like

-