ഡോളർ കടത്ത് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും സന്ദീപ് നായരും രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ സ്പീക്കറുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം

0

തിരുവനന്തപുരം: വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം.

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും സന്ദീപ് നായരും രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ സ്പീക്കറുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചിരിക്കുന്നത്. കൂടാതെ കോണ്‍സുലേറ്റുമായി ഉണ്ടായിരുന്ന സ്പീക്കറുടെ ഇടപാടുകളടക്കം ഇന്ന് അസി.പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്ന് ചോദിച്ചറിയും.

ഇന്നലെ കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവർമാരുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. സ്പീക്കറിലേക്ക് ചോദ്യം ചെയ്യല്‍ എത്തുന്നതിന് മുന്നോടിയായാണ് അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് എന്ന വിവരവും ഉണ്ട്. കൂടാതെ അസി. പ്രോട്ടോക്കോള്‍ ഓഫീസറെയും ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തത ഉണ്ടാക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്. ഇതിനിടെ കേസിൽ റിമാൻഡ് കാലൈവധി അവസാനിക്കുന്ന സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഓൺലൈൻ വഴിയാകും നടപടികൾ.

You might also like

-